കോണ്‍ഗ്രസിലും മാറ്റം: വി.ഡി.സതീശന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം സ്ഥിരീകരിച്ചു. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. കെപിസിസി നേതൃമാറ്റം പിന്നീട്.
ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍നിന്നും എംപിമാരില്‍നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ അവസാനിമിഷം വരെ ഹൈക്കമാന്‍ഡിനുമേല്‍ സമ്മര്‍ദമുണ്ടായി. രമേശ് തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ഏതാനും യുവ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണയാണ് സതീശന് ഉണ്ടായിരുന്നത്. രമേശും ഉമ്മന്‍ ചാണ്ടിയും കൈകോര്‍ത്തതോടെ, അവരെ മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക ഹൈക്കമാന്ഡിനുണ്ടായിരുന്നെങ്കിലും ഒടുവില്‍ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണ പറവൂരില്‍നിന്ന് എംഎല്‍എ ആയി ജയിച്ചു.