ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ പിന്തുണയുമായി കാന്തപുരം വിഭാഗം,
കയ്യടിച്ച് മുസ്ലീം കേരളം
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് എടുത്തതില്‍ പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗം. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം അവര്‍ക്ക് പൊതു വകുപ്പുകള്‍ നല്കി. ആ അര്‍ത്ഥത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
‘മന്ത്രിസഭാ രൂപീകരണത്തില്‍ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായി കണ്ടുവരാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തയ്യാറാവുകയും വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പൊതു എന്നു കരുതപ്പെടുന്ന പോര്‍ട്ട് ഫോളിയോകള്‍ കൊടുത്തു എന്നതും നല്ല കാര്യമാണ്. ഈ അര്‍ഥത്തില്‍ കൂടിയാണ്, പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യാന്‍ എടുത്ത തീരുമാനത്തെ കാണുന്നത്,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാന്‍ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കില്‍, അതിന്റെ വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ആയിരിക്കും എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ തീര്‍ക്കാനും വിശദീകരികരണങ്ങള്‍ നല്‍കാനും വേണ്ടി മുസ്ലിം സമുദായം കാലങ്ങളോളമയി ചെലവിട്ടു പോരുന്ന വലിയ സമയവും ഊര്‍ജ്ജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രി ഈ വകുപ്പ് ഏറ്റെടുത്തതിനെ കാണണമെന്നും അബ്ദുള്‍ ഹകിം അസ്ഹരി പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആദ്യം മന്ത്രി വി. അബ്ദുള്‍ റഹ്മാന് നല്കാന് തീരുമാനമായിരുന്നെങ്കിലും പിന്നീട് ഈ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മുസ്ലിം ലീഗ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി എടുത്തതിലല്ല, മുസ്ലിം സമുദായത്തിലെ ഒരു മന്ത്രിക്ക് കൊടുത്തിട്ട് തിരിച്ചെടുത്തതാണ് പ്രശ്നമെന്നാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
അതേസമയം ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുസ്ലിം വിഭാഗത്തിന് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ മുസ്ലിം സമുദായ സംഘടനകളും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് ക്രൈസ്തവ വിഭാഗക്കാരായ ഏതെങ്കിലും മന്ത്രിയ്ക്ക് നല്കിയാലും തങ്ങള്‍ക്ക് പരാതിയില്ലെന്നാണ് എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഷൗക്കത്ത് നഈമി അല്‍ ബുഖാരി പ്രതികരിച്ചത്.
‘മുഖ്യമന്ത്രി കൈകാര്യം ചെയ്താലും ക്രിസ്തീയനായ മന്ത്രി കൈകാര്യം ചെയ്താലും ഈ വകുപ്പിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കൃത്യമായി പരിശോധിച്ച് അനീതി ഉണ്ടായിട്ടുണ്ടോ ഇല്ലേ എന്ന് വസ്തുനിഷ്ഠമായി പൊതുജന സമക്ഷം അവതരിപ്പിക്കണം’ എന്നും ഷൗക്കത്ത് നഈമി അല്‍ ബുഖാരി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മന്ത്രിസഭാ രൂപീകരണത്തില്‍ ചില പ്രത്യേക സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ചില പ്രത്യേക വകുപ്പുകളിലേക്ക് മാത്രം പരിഗണിക്കുന്ന ഒരു പ്രവണത കാലങ്ങളായി കണ്ടുവരാറുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ചില നീക്കങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ തയ്യാറാവുകയും വിവിധ സാമൂഹിക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പൊതു എന്നു കരുതപ്പെടുന്ന പോര്‍ട്ട് ഫോളിയോകള്‍ കൊടുത്തു എന്നതും നല്ല കാര്യമാണ്. ഈ അര്‍ഥത്തില്‍ കൂടിയാണ്, പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യാന്‍ എടുത്ത തീരുമാനത്തെ കാണുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും പുകമറകളും മാറ്റാനും, അവയെ അടിസ്ഥാനമാക്കി ശക്തിപ്പെടാന്‍ ശ്രമിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും ഇത് സഹായിക്കുമെങ്കില്‍, അതിന്റെ വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ മുസ്ലിംകള് ആയിരിക്കും എന്നതില്‍ സംശയമില്ല. മാത്രവുമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ തീര്‍ക്കാനും വിശദീകരികരണങ്ങള്‍ നല്‍കാനും വേണ്ടി മുസ്ലിം സമുദായം കാലങ്ങളോളമയി ചെലവിട്ടു പോരുന്ന വലിയ സമയവും ഊര്‍ജ്ജവും മറ്റു മേഖലകളിലേക്ക് മാറ്റാനും കഴിയും.
സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇതുപോലുള്ള വകുപ്പുകളുടെ പദ്ധതി നിര്‍വഹണ കാര്യത്തില്‍ പലപ്പോഴും നേരിടാറുള്ള കാലതാമസം ഒഴിവാക്കാനും കൂടുതല്‍ എഫിഷന്‍സി കൊണ്ടുവരാനും ഇതു സഹായിക്കും എന്നാണ് എന്റെ അനുഭവവും പ്രതീക്ഷയും. ആ അര്‍ഥത്തില്‍ വലിയ പ്രതീക്ഷയോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ കാണുന്നത്.
പ്രാതിനിധ്യത്തെ കേവലം സാങ്കേതിക അര്‍ഥത്തില്‍ മാത്രമാണോ കാണേണ്ടത് എന്ന വിശാലമായ ഒരു ചോദ്യത്തിലേക്ക് കൂടി ഇപ്പൊള്‍ നടക്കുന്ന ചര്‍ച്ചകളെ വിവിധ സമുദായങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. ദളിത് സമുദായത്തില്‍ നിന്നുള്ള ഒരു മന്ത്രിക്ക് കൈകാര്യം ചെയ്യാന്‍ വേണ്ടി പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മാറ്റി വെക്കണോ എന്ന ചോദ്യം പലരും ഉന്നയിക്കുകയുണ്ടായി. പ്രതിനിധാനത്തെ കുറിച്ചുള്ള ചില മൗലികമായ ചിന്തകള്‍ ആ ചോദ്യങ്ങളില്‍ ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേവലാര്‍ഥത്തില്‍ ഉള്ള പ്രാതിനിധ്യം മൂര്‍ത്തമായ പങ്കാളിത്തം അതതു സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ഉറപ്പു വരുത്താന്‍ പര്യാപ്തമല്ല എന്നതും ഇതോടു കൂട്ടി വായിക്കേണ്ടതാണ്. മുസ്ലിം സമുദായത്തെ മുന്‍ നിര്‍ത്തിയും അത്തരം പുനരാലോചന കള്‍ക്കുള്ള സാധ്യതകള്‍ തുറന്നു വെക്കുന്നതാണ് പിണറായി വിജയന്റെ തീരുമാനം.