ആരുടെയും വിശ്വാസത്തെ തല്ലിത്തകര്‍ക്കില്ല; ശബരിമലയില്‍ സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കി മന്ത്രി കെ. രാധാകൃഷ്ണന്
തിരുവനന്തപുരം: ആരുടെയും വിശ്വാസത്തെ എല്‍.ഡി.എഫ് തല്ലിത്തകര്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. . തുടര്‍കാര്യങ്ങള്‍ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഏതെങ്കിലും വിശ്വാസങ്ങളെയോ ക്ഷേത്രങ്ങളെയോ മുസ് ലിം പള്ളികളെയോ തകര്‍ക്കാന്‍ വേണ്ടി എപ്പോഴെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും കെ. രാധാകൃഷ്ണന് ചോദിച്ചു.
ഇന്ത്യയില്‍ 100 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതെങ്കിലും ആരാധനാലയങ്ങള്‍ തകര്‍ത്തതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ എന്നും ദേവസ്വം മന്ത്രി ചോദിച്ചു. ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. പിന്നീട് അത് ഇല്ലാതാകും. ദേവസ്വം ബോര്‍ഡ് എന്നാല്‍ വലിയ ബോംബ് ആണെന്ന രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ നടപ്പാക്കും. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കും. അവര്‍ പഠിച്ച് വളരട്ടെയെന്നും കെ. രാധാകൃഷ്ണന് മാധ്യമങ്ങളോട് വ്യക്തമാക്കി.