പീഡനക്കേസില്‍ തരുണ്‍ തേജ്പാലിനെ വെറുതെവിട്ടു
ന്യൂഡല്‍ഹി: എഴുത്തുകാരനും തെഹല്‍ക സ്ഥാപക പത്രാധിപരുമായ തരുണ്‍ തേജ്പാലിനെ ലൈംഗിക പീഡനക്കേസില്‍ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. 2-13-ല്‍ ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍വെച്ച് വനിതാ സഹപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. കേസിന്റെ വിധി പറയുമ്പോള്‍ തരുണ്‍ തേജ്പാല്‍ കോടതിയില്‍ ഹാജരായിരുന്നു.
വിചാരണ പൂര്‍ത്തിയായ ശേഷം മൂന്നു തവണ കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. തേജ്പാലിന്റെ അഭിഭഷാകനായിരുന്ന അഡ്വ. രാജീവ് ഗോമസ് കോവിഡ് ബാധിച്ച് കഴിഞ്ഞാഴ്ച്ചയാണ് മരിച്ചത്. സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് 2013 നവംബറിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ എഫ്.ഐ.ആര്. എടുത്തത്. 2014 മേയ് മുതല്‍ തേജ്പാല്‍ ജാമ്യത്തിലായിരുന്നു.
തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ തള്ളിയിരുന്നു. തരുണ്‍ തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്. ഷാ, ബി.ആര്. ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും അന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.