കോവിഡിനെ തുരത്താന്‍ കാറഡുക്ക മാതൃകമൊബൈൽ മെഡിക്കൽ യൂണിറ്റ് ഇന്ന് പ്രവർത്തനം തുടങ്ങും
മുള്ളേരിയ :കോവിഡ് പ്രതിരോധത്തിന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ സംവിധാനങ്ങള്‍ മലയോര ഗ്രാമങ്ങളില്‍ ആശ്വാസമാവുന്നു. കോവെഹിക്കിള്‍, കോവിഡ് ബാറ്റില്‍ ടീം, കണ്ട്രോള് സെല്‍ തുടങ്ങി ബ്ലോക്ക്തലത്തില്‍ നടക്കുന്നത് ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍. ബേഡകം താലൂക്ക് ആശുപത്രിയും മുളിയാര്‍ സിഎച്ച്സിയുമായി ബന്ധപ്പെടുത്തി കോവിഡ് ബാധിതരെ വീട്ടിലെത്തി ചികിത്സ നല്കുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വെള്ളിയാഴ്ച കലക്ടര്‍ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. രണ്ട് ഡോക്ടര്‍മാരും നാല് സ്റ്റാഫ് നേഴ്സുമാരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് പ്രവര്‍ത്തിക്കുക.
സ്വന്തമായി വാഹനമില്ലാത്ത വീടുകളില്‍ കഴിയുന്ന കോവിഡ് ഇതര രോഗികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ കോ-വെഹിക്കിള്‍ പദ്ധതിയില്‍ 50 ല്‍ അധികം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു
കോവിഡ് ബാറ്റില്‍ ടീം
കോവിഡ് മാത്രമല്ല ഏത് രോഗമായാലും പ്രാഥമികമായ പരിശോധന നടത്താന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കോവിഡ് ബാറ്റില്‍ ടീം . രോഗിയുടെ വീട്ടിലെത്തി ഓക്സിജന്‍ അളവ്, ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം എന്നിവ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ രോഗിക്ക് ആശുപത്രി ചികിത്സയും ലഭ്യമാക്കും.
മുളിയാറില്‍ കണ്ട്രോള് സെല്‍ തുറന്നു. ഗുരുതര സ്വഭാവമുള്ള രോഗികളെ വേഗത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പ്രത്യേകം സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ടെലി ഡോക്ടര്‍ സേവനവും സൗജന്യ ആംബുലന്‍സ് സര്‍വീസും നടപ്പാക്കി. മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്ററില്‍ 24 മണിക്കൂറും കോവിഡ്, ഫീവര്‍ ക്ലിനിക്കും ഓക്സിജന്‍ സൗകര്യങ്ങളടക്കമുള്ള 25 ബെഡ്ഡുകളുള്ള സിഎഫ്എല്‍ടിസി യും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.