രണ്ടാം പിണറായി സർക്കാരിന് ആശംസയുമായി ചെന്നിത്തല, മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് ആശംസകൾ അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അർപ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൻ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യു ഡി എഫ് നിലപാടെടുത്തിരുന്നു. ടെലിവിഷനിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യു ഡി എഫിനുളളത്. ആയതിനാൽ തന്നെ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുളളവർ ഇന്ന് ചടങ്ങിനെത്തില്ല.പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് രണ്ട് പേർക്കെങ്കിലും വരാമായിരുന്നുവെന്ന് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ഒരു സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ അഭിനന്ദനം മുഖ്യമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. ഇരുവരും ഫോണിൽ എന്തൊക്കെ സംസാരിച്ചുവെന്ന കാര്യം വ്യക്തമല്ല.അതേസമയം, പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത് കൊണ്ടുളള എ ഐ സി സി തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. രമേശ് ചെന്നിത്തലയുടെ പേരിനൊപ്പം വി ഡി സതീശന്റെ പേരാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്.