കോവിഡ്: നീലേശ്വരം നഗരസഭാ വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രത്യേകം നിരീക്ഷണം നടത്തും
നീലേശ്വരം: കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി നീലേശ്വരം നഗരസഭ നടപടികള്‍ ശക്തമാക്കി. വാര്‍ഡുകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് മോണിറ്ററിംഗ് നടത്തും. നഗരസഭാ കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 10 പള്‍സ് ഓക്സീമീറ്ററുകള്‍ വാങ്ങി വാര്‍ഡുകളില്‍ ആവശ്യാര്‍ത്ഥം നല്‍കും. നഗരസഭയിലെ വിവിധ വാര്‍ഡുകളിലുള്ള അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന പങ്കാളികളാക്കും. നഗരസഭാ ഹെല്‍പ്പ് ഡെസ്ക്കില്‍ പോസിറ്റീവ് ആയ രോഗികള്‍ക്ക് സംശയ നിവാരണം നടത്തുന്നതിനായി ആശുപത്രി ചുമതലയില്ലാത്ത ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടം കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പിലെ വനിതാ ഹോസ്റ്റലില്‍ സി.എഫ്.എല്‍.ടി.സി യുടെയും രാജാസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഡൊമിസിലറി കെയര്‍ സെന്ററിന്റെയും പ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. കോവിഡ് രോഗികള്‍ക്കായി പ്രത്യേകം ഒ പിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സി.എഫ്.എല്‍.ടി.സിയില്‍ ഇതിനകം 101 രോഗികളെ പ്രവേശി പ്പിച്ചു. 55 പേര് കോവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങി.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി.ലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ്, സെക്ടറല്‍ മജിസ്ട്രേറ്റ് സുജിത്ത്, നഗരസഭാ സെക്രട്ടറി സി.കെ.ശിവജി, നൊഡല്‍ ഓഫീസര്‍ രഞ്ജിത്ത്.പി.പി, ഡോ വി.രാഹുല്‍, സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ മനോജ്കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു