തിരുവനന്തപുരത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അദ്ധ്യാപികയുമായ അനീഷ പ്രദീപ് (32) ആണ് മരിച്ചത്. മെയ് ഏഴിനാണ് അനീഷയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചതോടെ അനീഷയും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അനീഷയ്ക്ക് ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെയ് 12ന് കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അനീഷയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലേക്ക് വരുന്നവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.
നാഗര്‍കോവിലെ ഡോക്ടര്‍മാക്ക് ആദ്യം ബ്ലാക്ക് ഫംഗസ് ആണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിക്കുന്നത്. 18ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിനാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം വ്യാഴാഴ്ച കൊറോണ പ്രോട്ടോകോള്‍ പാലിച്ചു നടത്തും.