ബിജെപി കുഴല്‍പ്പണ കവര്‍ച്ച : കണ്ടെടുത്തത് ഒരു കോടിയോളം, അന്വേഷണം നേതാക്കളിലേക്ക്
തൃശൂര്‍:കൊടകരയിലെ ബിജെപി കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പ്രതികളില്‍നിന്ന് കണ്ടെടുത്ത തുക ഒരു കോടി രൂപയോളമായി. മുഖ്യപ്രതി രഞ്ജിത്തിന്റെ വെള്ളാങ്ങല്ലൂര്‍ വെളിയനാട് വീട്ടില്‍ പലയിടത്തായി ഒളിപ്പിച്ച 11.96 ലക്ഷം രൂപ ബുധനാഴ്ച കണ്ടെടുത്തു. നേരത്തേ പലരില്‍നിന്നായി 87.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതോടെ ആകെ കണ്ടെത്തിയ തുക 99.46 ലക്ഷമായി.
ചോദ്യം ചെയ്യലില്‍ പണം ഇല്ലെന്ന് രഞ്ജിത്ത് ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍, തെളിവ് നിരത്തിയോടെ കുടുങ്ങി. കഴിഞ്ഞദിവസം മറ്റൊരു പ്രതി ഷുക്കൂറിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എട്ട് ലക്ഷം കണ്ടെടുത്തിരുന്നു.
തെരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളില്‍ ചെലവഴിക്കാനായി കടത്തിക്കൊണ്ടുവന്ന പണം ദേശീയപാതയില്‍ കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവര്‍ന്നുവെന്നാണ് കേസ്. ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പുതിയ അന്വേഷകസംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി. കേസില്‍ 19 പ്രതികള്‍ അറസ്റ്റിലായി. അന്വേഷണം ശക്തമാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ചമുതല്‍ ഒരാഴ്ച തൃശൂരില്‍ ക്യാമ്പ് ചെയ്യും. സംഭവവുമായി ബന്ധമുള്ള ജില്ലയിലെ രണ്ട് ബിജെപി നേതാക്കളേയും ചോദ്യം ചെയ്യും. പണം തട്ടിയെടുത്തതില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഇതില്‍ ഒരാള്‍ കവര്‍ച്ച നടന്ന് മിനിറ്റുകള്‍ക്കകം കൊടകരയില്‍ എത്തിയിരുന്നു. മറ്റൊരു നേതാവാണ് സംഘത്തിന് തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയത്. പണം കൊടുത്തുവിട്ട യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുനില്‍ നായിക്, പണം കൊണ്ടുവന്ന ആര്‍എസ്എസ് നേതാവ് ധര്‍മരാജ് എന്നിവരില്‍നിന്നും വീണ്ടും വിവരം ശേഖരിക്കും. 25 ലക്ഷം കവര്‍ന്നതായാണ് ധര്‍മരാജിന്റെ പരാതി. എന്നാല്‍, പ്രതികളില്‍ നിന്നുമാത്രം ഒരുകോടിയോളം രൂപ കണ്ടെടുത്തു. മൂന്നര കോടി രൂപയാണ് കവര്‍ന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പ്രതികള്‍ക്കു പുറമെ ബിജെപി നേതാക്കള്‍ക്ക് പണം പങ്കിട്ട് നല്‍കിയതായാണ് സൂചന.
പരാതി നല്‍കിയിട്ട് മൂന്നാഴ്ച ; ഇഡി അന്വേഷണം നിഷ്ക്രിയം
തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി കുഴല്‍പ്പണമായി എത്തിച്ച മൂന്നരക്കോടിരൂപ കൊടകരയില്‍ പാര്‍ടി നേതാക്കള്‍തന്നെ കവര്‍ന്ന കേസില്‍ പരാതി നല്കി ഒരുമാസമായിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൗനം. അന്വേഷണം നടത്തുമെന്ന് പറഞ്ഞെങ്കിലും ഒരു മാസമായിട്ടും തുടര്‍നടപടികളായില്ല. സംസ്ഥാനത്ത് കേസ് അന്വേഷിക്കുന്ന പൊലീസില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍പോലും ഇഡി ശേഖരിച്ചില്ല.
ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഏപ്രില്‍ 26ന് ഇഡിയുടെ കൊച്ചി ഓഫീസിലേക്കും തുടര്‍ന്ന് ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കും പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി പത്തുകോടി കടത്തിയെന്നും, ഇതില്‍ മൂന്നരക്കോടി എറണാകുളം ജില്ലയിലേക്കും ബാക്കി ഇടുക്കി, തൃശൂര്‍ ജില്ലകളിലേക്കും കൊണ്ടുപോയെന്നുമാണ് പരാതി. മൊത്തം 500 കോടിയോളംരൂപ കള്ളപ്പണമായി ബിജെപി ഇറക്കിയെന്നും പരാതിയിലുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുന്നതും പിഎംഎല്‍എ ആക്ടിന്റെ (കള്ളപ്പണം വെളുപ്പിക്കല്‍) ലംഘനമാണെന്നും പറയുന്നു.
ബിജെപി സംസ്ഥാന നേതാക്കളുള്പ്പെട്ടതിനാലാണ് ഇഡി നിഷ്ക്രിയത്വം പാലിക്കുന്നതെന്ന് സലീം മടവൂര്‍ കുറ്റപ്പെടുത്തി. ജോയിന്റ് ഡയറക്ടര്‍ ചുമതലയേറ്റിട്ടില്ലെന്നും തിങ്കളാഴ്ച ചുമതലയേറ്റശേഷം നടപടി ആരംഭിക്കുമെന്നാണ് ഇഡി വിശദീകരണം.
കെടകരയില്വച്ച് കാര്‍ ആക്രമിച്ച് 25 ലക്ഷവും കാറും കവര്‍ന്നുവെന്ന് ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജാണ് ആദ്യം പരാതി നല്‍കിയത്. തുടരന്വേഷണത്തില്‍ ഈ പണം കൊടുത്തയച്ചത് യുവമോര്‍ച്ച സംസ്ഥാന ഭാരവാഹിയായിരുന്ന സുനില്‍ നായിക്കാണെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ബിജെപി നേതാക്കള്തന്നെയാണെന്നും സംസ്ഥാന പൊലീസ് കണ്ടെത്തി.