സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ കുറയ്ക്കണം,സാഹചര്യം ഓർക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ തന്നെയാണോ ചടങ്ങിനെത്തുന്നതെന്ന് ഉറപ്പുവരുത്തണം. നിലവിലെ കോവിഡ് സാഹചര്യം മറക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങ് നടത്തുന്നതിന് കോടതി തടസ്സം പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അഞ്ഞൂറു പേരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാല്‍ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.
ജുഡീഷ്യല്‍ ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വലിയ തുറസ്സായ സ്ഥലത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.