സംസ്ഥാനത്ത് പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി; മൂന്നെണ്ണം കൂടുതലായി വ്യാപിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കരുതിയിരിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നതായും മുഖ്യമന്ത്രി അറിയിച്ചു. നാളെ രാവിലെ പ്രധാനമന്ത്രി ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും യോഗത്തില്‍ കേരളത്തിന്റെ ഈ പ്രശ്നം അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മില്‍മ പാല് എടുക്കാത്തത് മൂലം വിതരണം ചെയ്യാന്‍ കഴിയാത്ത പാല് സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.