രണ്ടാം പിണറായി മന്ത്രിസഭയില്‍ കാസര്‍കോടിന് മന്ത്രിയില്ല
കാസര്‍കോട്: കഴിഞ്ഞ സര്‍ക്കാറിലെ റവന്യുമന്ത്രിയും സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരനോ ഉദുമയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുവോ ഇത്തവണ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം രണ്ടുപേരും ഒഴിവാക്കപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രിയില്ല. ഒരാള്‍ക്ക് ഒരു തവണ മന്ത്രിസ്ഥാനം എന്ന നിലപാട് ഇ. ചന്ദ്രശേഖരന്റെ കാര്യത്തില്‍ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അദ്ദേഹത്തെ മൂന്നാം തവണയും മത്സരിപ്പിച്ചത് തുടര്‍ഭരണം ഉണ്ടാവുകയാണെങ്കില്‍ മന്ത്രിയാക്കാനാണെന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ തങ്ങള്‍ക്ക് ലഭിച്ച നാലു മന്ത്രിസ്ഥാനങ്ങളിലേക്കും പുതുമുഖങ്ങളെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇ. ചന്ദ്രശേഖരനെ സി.പി.ഐ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.