പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വഹിക്കും; മന്ത്രിപദവിയില്‍ പ്രതികരണവുമായി പി. രാജീവ്
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി. രാജീവ്. പാര്‍ട്ടിയും മുന്നണിയും ഒരു പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുകയാണെന്നും പരിമിതികള്‍ക്കകത്ത് നിന്ന് ആ ഉത്തരവാദിത്തം പരമാവധി ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും പി. രാജീവ് പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങളുടെ മുന്പില് ഒരു പ്രകടന പത്രിക വെച്ചിട്ടുണ്ട്. കഴിഞ്ഞ ഗവര്‍മെന്റിന്റെ പ്രത്യേകത ആ പ്രകടന പത്രിക പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നതാണ്.
അതുപോലെ തന്നെ ഇത്തവണത്തേയും പ്രകടന പത്രിക പൂര്‍ണമായി നടപ്പിലാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഈ മന്ത്രിസഭ പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. അതില്‍ എന്റെ കഴിവിന് അനുസരിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കും, പി. രാജീവ് പറഞ്ഞു.
ഏത് വകുപ്പായിരിക്കും താങ്കള്‍ക്ക് ലഭിക്കുന്നത് എന്ന ചോദ്യത്തിന് വകുപ്പുകളൊക്കെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു പി. രാജീവിന്റെ മറുപടി.
പുതിയ നിരയുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏകകണ്ഠമായ തീരുമാനമാണെന്നും മറ്റു കാര്യങ്ങള്‍ പാര്‍ട്ടിയും സെക്രട്ടറിയും വിശദീകരിക്കുമെന്നും പി. രാജീവ് പറഞ്ഞു.