സൈബര്‍ വിദഗ്ധന്‍ ബിനോഷ് അലക്സ് ബ്രൂസ് കോവിഡ് തുടര്‍ ചികിത്സയ്ക്കിടെ അന്തരിച്ചു
കൊച്ചി: സൈബര്‍ വിദഗ്ധന്‍ ബിനോഷ് അലക്സ് ബ്രൂസ്(40) അന്തരിച്ചു. കോവിഡ് രോഗം ബാധിച്ച് മാറിയെങ്കിലും തുടര്‍ ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.
നേരത്തെ തന്നെ വൃക്കരോഗം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ബിനോഷിന് കോവിഡ് ബാധയെ തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുകയും രോഗാവസ്ഥ ഗുരുതരമാകുകയും ആയിരുന്നു.
ഏപ്രില്‍ 24ന് ഇദ്ദേഹത്തെ കോവിഡ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം വ്യാഴാഴ്ച സ്വന്തം നാടായ പത്തനംതിട്ടയിലേയ്ക്കു കൊണ്ടു പോകും.
സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായിരുന്ന ബിനോഷ് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബിഎ ഇക്കണോമിക്സ് ബിരുദം നേടിയ ശേഷം ബിസിനസ് ലോയില്‍ ബിരുദാനന്തര ബിരുദം ചെയ്തു. തുടര്‍ന്ന് അമിത താല്പര്യം മൂലം എത്തിക്കല്‍ ഹാക്കിങ് രംഗത്തേയ്ക്ക് എത്തിച്ചേരുകയായിരുന്നു.
എത്തിക്കല്‍ ഹാക്കിങ്ങിലും സര്‍ട്ടിഫൈഡ് ഹൈക്കിങ് ഫോറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ കോഴ്സുകളും പൂര്‍ത്തിയാക്കിയാണ് മേഖലയില്‍ വൈദഗ്ധ്യം നേടിയത്. തുടര്‍ന്ന് കൊച്ചിയില്‍ സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും സുരക്ഷാ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു വരികയായിരുന്നു. ശശി തരൂരിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഉള്‍പ്പടെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ ഡാറ്റാ ചോര്‍ച്ച ഉയര്‍ത്തിക്കാണിച്ച് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്കിയവരില് ഒരാള്‍ ബിനോഷായിരുന്നു. സ്പ്രിന്ക്ലറിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഒരു ഘട്ടത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും അതിനാല്‍ തടയണമെന്നുമായിരുന്നു ആവശ്യം. ചാനല്‍ ചര്‍ച്ചകളിലൂടെയും പരിചിത മുഖമായിരുന്നു ബിനോഷിന്റേത്