മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനനം, വാശിയോടെ പഠനം, ഒരുമിച്ച് ജോലിയും.. ഒടുവില്‍ ഒരുമിച്ച് കോവിഡിനും കീഴടങ്ങി; മീററ്റില്‍ മലയാളികളെ കണ്ണീരിലാഴ്ത്തി ഇരട്ടകളുടെ മരണം
മീററ്റ്: മേയ് 13, 14 തീയതികള്‍ മീററ്റിലെ മലയാളികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ പറ്റാത്ത ദിവസങ്ങളാണ്. മലയാളികളുടെ അഭിമാനമായി വളര്‍ന്നുവന്ന രണ്ട് ചെറുപ്പക്കാരാണ് അന്നേ ദിവസം കോവിഡിന് കീഴടങ്ങിയത്. മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച ജോഫ്രഡും റാല്‍ഫ്രഡും (24). ഒരുമിച്ച് പഠിച്ച്, ഒരുമിച്ച് ബിടെക് നേടി, ഒരേ സമയത്തുതന്നെ പ്രമുഖ കമ്പനികളില്‍ പ്ലേസ്മെന്റും നേടി ഉന്നതമായ കരിയരിലേക്ക് കടന്ന രണ്ട് ചെറുപ്പക്കാരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഈ ലോകത്തുനിന്നും മടങ്ങിയത്.
മീററ്റ് കന്റോണ്‍മെന്റ് മേഖലയില്‍ താമസക്കാരും സെന്റ് തോമസ് സ്കൂളിലെ അധ്യാപകരായ ഗ്രിഗറി റെയ്മണ്ട് റാഫേലിന്റെയും സോജയുടെയും മക്കളാണ് ജോഫ്രഡും റാല്‍ഫ്രഡും. കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിടെക് നേടി ഇരുവരും ഉടന്‍തന്നെ ഹൈദരാബാദില്‍ ജോലിയിലും പ്രവേശിച്ചിരുന്നു. ജോഫ്രഡ് അസ്സെഞ്ച്വര് പ്രൈവറ്റ് ലിമിറ്റഡിലും റാല്‍ഫ്രഡ് ഹ്യൂണ്ടായ് മുബിസ് കമ്പനിയിലും കരിയര്‍ തുടങ്ങി. ലോക്ഡൗണ്‍ ആയതോടെ ജോഫ്രഡ് വീട്ടിലിരുന്നായി ജോലി. കൈക്ക് പരിക്കേറ്റതോടെ അവധിയെടുത്ത് റാല്‍ഫ്രഡും വീട്ടിലെത്തി. ഏപ്രില്‍ 23ന് ഇരുവരും വീട്ടില്‍ 24ാം പിറന്നാളും ആഘോഷിച്ചു.
എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. 23ന് തന്നെ ഇരുവര്‍ക്കും പനി തുടങ്ങി. ഏതാനും ദിവസങ്ങള്‍ ആ പനി നീണ്ടുനിന്നു. ചികിത്സ തേടിയെങ്കിലും ഇരുവരുടെയും നില ഗുരുതരമായി. ഓക്സിജന്‍ ലെവല്‍ താഴ്ന്നതോടെ മേയ് ഒന്നിന് ഇരുവരേയും മീററ്റിലെ ആനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകാതെ വെന്റിലേറ്റര്‍ സംവിധാനവും ഏര്‍പ്പെടുത്തി.
മേയ് 10ന് ഇരുവരും കോവിഡ് നെഗറ്റീവ് ആയി. ഈ വാര്‍ത്ത കുടുംബത്തിന് ഏറെ പ്രതീക്ഷ നല്കി. എന്നാല്‍ മൂന്നാം നാള് എല്ലാം മാറിമറിഞ്ഞു. ജോഫ്രഡ് മരണത്തിന് കീഴടങ്ങി. കൂടെപ്പിറപ്പിന്റെ വിയോഗം റാല്‍ഫ്രഡ് അറിയാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചു. മികച്ച ചികിത്സയ്ക്ക് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്ന കള്ളവും പറഞ്ഞുനോക്കി. എന്നാല്‍ ആറാം ഇന്ദ്രിയം എല്ലാം റാല്‍ഫ്രഡിന് വെളിപ്പെടുത്തി. എന്തിനാണ് എന്നോട് കള്ളം പറയുന്നതെന്നായിരുന്നു അമ്മയോട് അവന് തിരിച്ചുചോദിച്ചത്. ജോഫ്രഡിന് എന്തു സംഭവിച്ചുവെന്ന് അവന് എല്ലാവരോടും തിരക്കിക്കൊണ്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അവനും നിത്യതയിലേക്ക് കടന്നു.
വളരെ സ്വപ്നങ്ങളും പ്രതീക്ഷകളും വച്ചുപുലര്‍ത്തിയവരായിരുന്നു സഹോദരങ്ങളെന്ന് ഇവരുടെ മൂത്ത സഹോദരന് നെല്‍ഫ്രഡ് പറഞ്ഞു. കൊറിയയില്‍ പോയി ഉപരിപഠനവും ജര്‍മ്മനിയില്‍ മികച്ച ജോലിയും അവര്‍ ആഗ്രഹിച്ചിരുന്നു. എന്തിനാണ് ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും നെല്‍ഫ്രഡ് പറയുന്നു.