ഉണ്ണി പി രാജിന്റെ ഭാര്യയുടെ മരണത്തിന് കാരണം ആ ഫോൺകോൾ? നടനെതിരെയുള്ള നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് കുടുംബം; ഉടൻ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മരുമകൾ പ്രിയങ്കയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ പ്രിയങ്കയുടെ ഭർത്താവും നടനുമായ ഉണ്ണി പി രാജിനെതിരെയുള്ള ദൃശ്യങ്ങളും ഫോൺവിളി രേഖകളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും.വെമ്പായത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രിയങ്കയുടെ മൃതദേഹം കണ്ടെത്തിയത്. ഉണ്ണിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അങ്കമാലിയിലെ ഭർതൃ വീട്ടിൽ നിന്നും വെമ്പായത്തെ തന്റെ വീട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഭർത്താവ് ഉപദ്രവിക്കുന്നെന്ന് കാണിച്ച് മരിക്കുന്നതിന് തലേദിവസം പൊലീസിലും പരാതി നൽകിയിരുന്നു.യുവതിയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.സ്വത്തും പണവും ആവശ്യപ്പെട്ട് ഉണ്ണി നിരന്തരം മകളെ ഉപദ്രവിച്ചിരുന്നെന്ന് പ്രിയങ്കയുടെ മാതാവ് ആരോപിച്ചു.മരിക്കുന്നതിന് മുൻപ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ ഏപ്രിൽ ഒൻപതിന് രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവും കുടുംബവും മുറ്റത്ത് നിര്‍ത്തി. ഭർത്താവ് പ്രിയങ്കയെ ഈ സമയം തെറിവിളിക്കുന്നത് വിഡിയോയിൽ കേൾക്കാം.ഏപ്രിൽ പത്തിനാണ് പ്രിയങ്കയെ സഹോദരനെത്തി വീട്ടിലേക്ക് കൊണ്ടുപോയത്.ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും കുടുംബത്തിന് പരാതിയുണ്ട്.അമ്മയോട് സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്. ആ ഫോൺവിളി കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.മുൻപ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽവച്ചും ഉണ്ണി മർദ്ദിച്ചിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. ‘ഒരു ദിവസം ബഹളം കേട്ട് എഴുന്നേറ്റു.അവർ തമ്മിൽ സംസാരിക്കുകയല്ലേന്ന് കരുതി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ മർദ്ദിക്കുന്ന ശബ്ദം കേട്ടു.കതകിൽ ചെന്ന് തട്ടിയപ്പോൾ കൊച്ചിനെ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പിന്നെ പോ തള്ളേന്നും പറഞ്ഞ് എന്നേം ഇടിച്ച്.’-അമ്മ പറഞ്ഞു.സ്ത്രീധന നിരോധന നിയമപ്രകാരവും ഗാർഹിക പീഡന നിരോധന നിയമപ്രകാരവും ഉൾപ്പടെ കേസെടുക്കാനാണ് പൊലീസ് നീക്കം. ഉണ്ണിയുടെ അമ്മയുൾപ്പടെയുള്ളവരെ കേസിൽ പ്രതിയാക്കിയേക്കും.