ടൗട്ടെ ചുഴലിക്കാറ്റ് നാശനഷ്ടം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
കാസർകോട് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ടൗട്ടെ ചുഴലിക്കാറ്റിൽ കാസർകോട് ജില്ലയിൽ പല സ്ഥലങ്ങളിലും മഴവെള്ളം കയറി കൃഷിയും, കടലാക്രമണം കാരണം മത്സ്യ ബന്ധന മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നൽകിയ നിവേദനത്തിൽ വ്യക്തമാക്കി. ജില്ലയിലെ കാർഷിക മേഖലയിൽ 2,208 കർഷകർക്ക് 135.48 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. മത്സ്യബന്ധന മേഖലകളിൽ നിരവധി വീടുകൾക്കും ഫൈബർ ബോട്ടുകൾക്കും നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർഥിച്ചു.