വെല്‍ഫെയര്‍ പാര്‍ട്ടി പിരിച്ചുവിടണം, ജമാഅത്തിന്റെ പ്രച്ഛന്നവേഷം കേരള മുസ്ലീം ജനത തിരസ്കരിച്ചു: തുറന്നടിച്ച് എളമരം കരിം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതെരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം. ജമാഅത്തെ ഇസ്ലാമിയുടെ ‘പ്രച്ഛന്നവേഷം’ കേരളത്തിലെ മുസ്ലീം ജനത തിരസ്കരിച്ചുവെന്നും ജമാഅത്തെ ഇസ്ലാമി രൂപംനല്കിയ ‘വെല്‍ഫെയര്‍ പാര്‍ട്ടി ‘ എത്രയും വേഗം പിരിച്ചുവിടുന്നത് ഉചിതമായിരിക്കുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രീയം എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാന്‍ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ച വികാരം സാമ്രാജ്യത്വ ഏജന്‍സിപ്പണിയാണ്. അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള ജനാധിപത്യ കശാപ്പും ബാബരി മസ്ജിദ് പ്രശ്നത്തില്‍ ഉള്‍പ്പെടെ ‘മൃദുഹിന്ദുത്വ’ നിലപാടും സ്വീകരിച്ച കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ രാഷ്ട്രീയ ധാര്‍മികത അതാണ് വ്യക്തമാക്കുന്നതെന്നും എളമരം കരിം പറഞ്ഞു.
‘തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി സമ്പൂര്‍ണ സഖ്യമുണ്ടാക്കിയിട്ടും എല്‍.ഡി.എഫിന്റെ വിജയം തടയാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായ മുന്നണി രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. നാമമാത്രമായ മണ്ഡലങ്ങളില്‍ മാത്രം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ചു. ഇതിന് മാധ്യമവും മീഡിയാവണും
എല്ലാ പന്തുണയും നല്കി.
ഭൂസമരങ്ങളിലേക്കും ദളിത് മുന്നേറ്റ സമരങ്ങളിലേക്കും പരിസ്ഥിതി പ്രശ്നങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്. സോളിഡാരിറ്റി മറ്റൊരു പ്രച്ഛന്ന വേഷമായിരുന്നു. പുരയ്ക്കുമേല്‍ ചായുമെന്നായപ്പോള്‍ സോളിഡാരിറ്റിയെ അപ്രത്യക്ഷമാക്കിയ ജാലവിദ്യയാണ്. പണ്ട് പി.കെ ബാലകൃഷ്ണന്, സി.രാധാകൃഷ്ണന് തുടങ്ങിയവര്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന ‘മാധ്യമം’ പത്രത്തിന്റെ മേല്സ്ഥാനങ്ങളിലേക്ക് ജമാഅത്തെ പ്രവര്‍ത്തകരും തീവ്രമതവാദികളും കടന്നുവന്നു. കഴിവ് മാത്രം മാനദണ്ഡമാക്കേണ്ട എഡിറ്റോറിയല്‍ പദവികള്‍ അങ്ങനെ അല്ലാതായി,’ അദ്ദേഹം ലേഖനത്തിലൂടെ പറഞ്ഞു.