ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ‘ഇത് ഒരു സുപ്രധാന വിധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരും അത് അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
വിധിന്യായത്തില്‍ തൃപ്തിയില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് സഫര്യാബ് ജിലാനി വ്യക്തമാക്കി. “ഞങ്ങള്‍ വിധിയില്‍ തൃപ്തരല്ല, പക്ഷേ ഉത്തരവിനെ മാനിക്കും. പുനപരിശോധനാ ഹരജി നല്‍കും. അഞ്ച് ഏക്കര്‍ സ്ഥലത്തിന് ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂല്യമില്ല. ശാന്തവും സമാധാനവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിഷേധം എവിടെയും നടക്കരുത്. ഇത് ഒരു പരാജയമല്ല. നിയമപരമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെ പിന്തുണച്ച് ആര്.എസ്.എസ് മുന്‍ പ്രത്യയശാസ്ത്രജ്ഞനായ കെ.എന്‍ ഗോവിന്ദാചാര്യ രംഗത്തെത്തി.”ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. മൂന്നുമാസത്തിനുള്ളില്‍ ക്ഷേത്രം പണിയുന്നതിനുള്ള പദ്ധതി തയ്യാറാക്കും. സാമുദായിക സൗഹാര്‍ദം ഉണ്ടായാലേ രാമക്ഷേത്രത്തില്‍ നിന്ന് രാമരാജ്യത്തിലേക്ക് മാറാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയുടെ രഥയാത്രക്ക് പിന്നിലെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളാണ് ഗോവിന്ദാചാര്യ.
സുപ്രീംകോടതിയുടെ വിധിയെ പാര്‍ട്ടി ബഹുമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
വിധി കണക്കിലെടുത്ത് ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തും പഴയ ഡല്‍ഹിയുടെ ചില ഭാഗങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തി. ഏത് സാഹചര്യവും നേരിടാന്‍ ഡല്‍ഹി പോലീസിന്റെ വജ്ര വാനും രണ്ട് ബസുകളില്‍ പൊലീസ്
ഉദ്യോഗസ്ഥരും പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.