സി.പി.എമ്മിന് 12 മന്ത്രിമാര്‍; സി.പി.ഐയ്ക്ക് 4 മന്ത്രിമാരും ഡെ. സ്പീക്കറും
തലസ്ഥാനത്തുനിന്നുള്ള വാർത്തകൾ ഇങ്ങനെ..
തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങള്‍ എങ്ങനെ വീതംവെക്കണം എന്നത് സംബന്ധിച്ച് എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണയായി. ഇനി ആരോക്കെ മന്ത്രിമാരാകും എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനങ്ങള്‍ പുറത്തുവരാനുള്ളത്.
കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്., എന്‍.സി.പി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി.
കഴിഞ്ഞ തവണ സി.പി.എം. കൈവശം വെച്ചിരുന്ന വകുപ്പുകളിലൊന്ന് ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. വൈദ്യുതി വകുപ്പ് നല്‍കിയേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. റോഷി അഗസ്റ്റിനാകും മന്ത്രിയാകുക. മറ്റൊരു എം.എല്‍.എ. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും.
കഴിഞ്ഞ തവണ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സി.പി.ഐ. മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനോട് അനകൂല പ്രതികരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിനാല്‍ റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകള്‍ സി.പി.ഐ. നിലനിര്‍ത്തിയേക്കും.
ചെറുകക്ഷികള്‍ക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ നല്‍കും. അതില്‍ ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ ജെ.ഡി.എസ്., എന്‍.സി.പി. എന്നീ കക്ഷികള്‍ക്കും മറ്റ് രണ്ട് സ്ഥാനങ്ങള്‍ ഒരു എം.എല്‍.എ. മാത്രമുള്ള കക്ഷികള്‍ക്കുമായി വീതം വെക്കുകയും ചെയ്യുമെന്നതാണ് ഏകദേശ ധാരണ.
മന്ത്രിസ്ഥാനം പങ്കുവെക്കുന്ന കക്ഷികള്‍ ആര് ആദ്യം മന്ത്രിയാകണം എന്നത് ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നാളെ എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കും. അതിനുമുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സി.പി.എം. ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആദ്യം മന്ത്രിയാകാന്‍ തിരക്കുകൂട്ടില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ. ആയ ആന്റണി രാജു എല്‍.ഡി.എഫ്. യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.
സി.പി.എമ്മിലും സി.പി.ഐയിലുമായി പുതുമുഖങ്ങള്‍ മന്ത്രിമാരാകും. സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സി.പി.ഐയില്‍ നിന്ന് ജി.ആര്. അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ് തുടങ്ങിയവര്‍ മന്ത്രിമാരായേക്കും. സി.പി.എമ്മില്‍ പുതുമുഖങ്ങളായി മന്ത്രിസ്ഥാനത്തേക്ക് വീണ ജോര്‍ജ്, വി. ശിവന്‍കുട്ടി, പി. രാജീവ് എന്നിവര്‍ക്ക് സുപ്രധാനമായ വകുപ്പുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
19-ന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി അറിയിക്കും. 20-നാണ് സത്യപ്രതിജ്ഞ. നേരത്തേ നിശ്ചയിച്ചതിലും കുറച്ച് ആളുകളെ മാത്രം പ്രവേശിപ്പിച്ചാകും സത്യപ്രതിജ്ഞ നടത്തുകയെന്നാണ് വിവരം.