100 രൂപയെ ചൊല്ലി തർക്കം; ദമ്പതികൾ 40കാരനെ കുത്തിക്കൊന്നു,
യുവതി പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ നൂറുരൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ദമ്പതികൾ കുത്തിക്കൊന്നു. സംഭവത്തിൽ പ്രതികളിലൊരാളായ രേഷ്മയെ അറസ്റ്റ് ചെയ്തു. ഭർത്താവ് ജിതേന്ദർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
മംഗോൾപുരി സ്വദേശിയായ അജീത് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സംഭവം. അജീതിനെ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വലതു കാൽമുട്ടിന് സമീപം ആഴത്തിലുള്ള മുറിവിനെ തുടർന്ന് ചോര വാർന്നാണ് മരണം.
കടംവാങ്ങിയ നൂറു രൂപ തിരിച്ചുനൽകാൻ ഞായറാഴ്ച ജിതേന്ദർ അജീതിനോട്ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് വഴക്കിൽ കലാശിക്കുകയും അജീത് ജിതേന്ദറിനെ മർദിക്കുകയുമായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ജിതേന്ദർ ഭാര്യയോടൊപ്പം കത്തിയുമായെത്തി അജീതിനെ കുത്തി. സംഭവത്തിന് ശേഷം ജിതേന്ദർ ഓടി രക്ഷപ്പെട്ടു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.