കേന്ദ്രത്തിന്റെ പ്രതിരോധ നടപടികളിൽ അതൃപ്തി: കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ രാജിവെച്ചു
ന്യൂഡൽഹി: കോവിഡ് വകഭേദങ്ങളെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് സമിതി തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഡോ. ഷാഹിദ് ജമീല്‍ രാജിവെച്ചു. കൊറോണവൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കാനുമാണ് വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ പ്രത്യേകമായി ഇൻസാകോഗ് രൂപീകരിച്ചത്. ഇന്ത്യന്‍ സാര്‍സ്-കൊവി-2 ജെനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യം ആണ് ഇൻസകോഗ്.
കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയ് മാസത്തില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ഇന്‍സാകോഗ് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നും അതിനാൽ രാജിവെക്കുന്നുവെന്നും ഷാഹിദ് ജമീൽ പറഞ്ഞു. താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഷാഹിദ് ജമീല്‍ പറഞ്ഞു.
വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് എളുപ്പത്തില്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ചെറുക്കാന്‍ സാധിക്കുമെന്നും സമിതി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഡേറ്റ വിശകലനം ചെയ്യുകയോ ഉചിത നടപടി സ്വീകരിക്കുകയോ കേന്ദ്രം ചെയ്തില്ല.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ ശാസ്ത്രീയ അടിത്തറയിലൂന്നിയ നയരൂപീകരണത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു
കോവിഡ് പരിശോധനക്കുറവ്, വാക്സിനേഷന് വേഗതക്കുറവ്, വാക്സീന് ലഭ്യതക്കുറവ് എന്നീ വിഷയങ്ങളും ഷാഹിദ് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായ ബി.1.617 വകഭേദത്തെക്കുറിച്ച് മാര്‍ച്ച് തുടക്കത്തില്‍ തന്നെ വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയത്തെ സമീപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.