ഡയറക്ടര്‍മാര്‍ രാജിവെക്കും; പകരം കേരള പ്രതിനിധികള്‍ വരും, പോരാട്ടം വിജയിച്ചെന്ന്എളമരം കരീം എം പി
കാസര്‍കോട്: പൊതുമേഖല സ്ഥാപനമായ ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഭെല്‍ പ്രതിനിധികള്‍ രാജിവെക്കും. ഒഴിവുവരുന്ന ഡയറക്ടര്‍ തസ്തികകളിലേക്ക് കേരളത്തില്‍നിന്നുള്ള പ്രതിനിധികളെ നിയമിക്കും. ഭെല്‍ ഓഹരി ഏറ്റെടുക്കാമെന്ന കേരള സര്‍ക്കാറിന്റെ നിര്‍ദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചശേഷം ഭെല്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഒരുവര്ഷത്തിലധിമായി അടഞ്ഞുകിടക്കുന്ന കമ്പനിയുടെ കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചു.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്? ലിമിറ്റഡിന്റെ (ഭെല്‍) 51ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ഒരു രൂപ നിരക്കില്‍ ഭെല്‍ ഓഹരി കേരളത്തിന് കൈമാറാനുള്ള നിര്‍ദേശവും അംഗീകരിച്ചു. നേരത്തേ തയാറാക്കിയ കരാര്‍ കഴിഞ്ഞദിവസമാണ് കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത്. ഏഴംഗ ഡയറക്ടര്‍ ബോര്‍ഡിലെ ആറു പേരാണ് ഭെല്‍ പ്രതിനിധികള്‍. സംസ്ഥാന വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി മാത്രമാണ്കേരളത്തില്നിന്നുള്ളത്. ഭെല്ലിന്റെ ആറുപേരും രാജിവെക്കാനും പകരം ആറുപേരെ നിശ്ചയിച്ച് സംസ്ഥാനം കത്ത് നല്‍കാനും നിര്‍ദേശമുണ്ട്.
കേന്ദ്ര വ്യവസായ വകുപ്പ് അംഗീകരിച്ച ഓഹരി കൈമാറ്റ കരാര്‍ ഇനി സംസ്ഥാനം അംഗീകരിച്ച് ഒപ്പിട്ട ശേഷം ഭെല്ലിന് തിരികെ നല്‍കണം. ശേഷം ഭെല്‍-ഇ.എം.എല്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് കരാറിന് അന്തിമാനുമതി നല്‍കും. ഈ രണ്ട് പ്രക്രിയ കൂടി പൂര്‍ത്തീകരിച്ചാല്‍ ഭെല്‍-ഇ.എം.എല്‍ കമ്പനി ഫലത്തില്‍ പഴയ കെല് യൂനിറ്റായി മാറും. മൊഗ്രാല്‍പുത്തൂര്‍ ബദ്രഡുക്കയിലെ കെല് യൂനിറ്റിന് പത്തരകോടി വില നിശ്ചയിച്ചാണ് 51ശതമാനം ഓഹരി ഭെല്ലിന് കൈമാറിയത്. എളമരം കരീം എം.പി വ്യവസായ മന്ത്രിയായിരിക്കെ 2009 ഫെബ്രുവരി മൂന്നിനാണ് എം.ഒ.യു ഒപ്പിട്ടത്.
2011 മാര്‍ച്ച് 28ന് ഭെല്‍- ഇ.എം.എല്‍ കമ്പനി പ്രാബല്യത്തില്‍ വന്നു. എന്നാല്‍, അധികം താമസിയാതെ കരാറില്‍നിന്ന് പിന്മാറാനും ഷെയറുകള്‍ തിരിച്ചു കേരത്തിന് നല്‍കാനും ഭെല്‍ തീരുമാനിച്ചു.
2017 ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 51ശതമാനം ഓഹരിയും തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കമ്പനിയില്‍ ശമ്പളം മുടങ്ങുകയും ഒരുവര്‍ഷമായി അടച്ചിടുകയും ചെയ്തു. ജീവനക്കാര്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നൂറുദിവസത്തിലധികമായി സത്യഗ്രഹത്തിലാണ്. കടുത്ത സമ്മര്‍ദങ്ങള്‍ക്കും സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവിലാണ് കേന്ദ്ര വ്യവസായ വകുപ്പ് ഭെല്‍ ഓഹരി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്.
സന്തോഷമുള്ള വാര്‍ത്ത എളമരം കരീം
കാസര്‍കോട്: ഭെല്ലിന്റെ ഓഹരി ഏറ്റെടുക്കാമെന്ന കേരള സര്‍ക്കാറിന്റെ നിര്‍ദേശം കേന്ദ്ര വ്യവസായ മന്ത്രാലയം അംഗീകരിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് എളമരം കരീം എം.പി. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ളപ്രവര്ത്തനത്തിനും കേരള സര്‍ക്കാറിന്റെ സമ്മര്ദത്തിന്െയും ഫലമായാണ് ഭെല്ലിന്റെ നടപടി.
കേരള സര്‍ക്കാറിന്റെ പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള സമീപനവും രാഷ്ട്രീയ സമ്മര്‍ദവുമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ തീരുമാനം നീട്ടിക്കൊണ്ടുപോയി സ്ഥാപനത്തെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയായിരുന്നു. ഈ വിഷയത്തില്‍ അസംഖ്യം കത്തുകളാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.
പ്രധാനമന്ത്രിക്കും, കേന്ദ്ര ഖന വ്യവസായ മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നിരന്തരം കത്തുകള്‍ അയക്കുകയും പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍l ഉന്നയിക്കുകയും ചെയ്തതായും അദ്ദേഹം ഫേസ്ബുക പോസ്റ്റില്‍ വിശദീകരിച്ചു.