മണിച്ചെയിന്‍ തട്ടിപ്പ്; 2 പേര്‍കൂടി അറസ്റ്റില്‍ പിടിയിലായത് ചെങ്കള സ്വദേശികൾ
കാസര്‍കോട്:മണിച്ചെയിന്‍ കമ്പനിയുടെ മറവില്‍ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കാസര്‍കോട് ചെര്‍ക്കള ചേരൂര്‍ ജലാല്‍ മന്‍സിലിലെ സി എ ജലാലുദീന്‍ (36), നെല്ലിക്കട്ട തിര്ക്കുഴി ഹൗസില്‍ ബി എ അബ്ദുള്‍ മന്‍സിഫ് (22) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.പ്രതികളായ മൂന്നുപേര്‍ നേരത്തെ റിമാന്‍ഡിലാണ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശി സി എം ഫൈസലിനെ പിടികിട്ടാനുണ്ട്. ഗള്‍ഫിലുള്ള ഇയാളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി ഡിവൈഎസ്പി പറഞ്ഞു.
തട്ടിപ്പിനിരയായ ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്. ആയിരത്തോളം പരാതി ലഭിച്ചിട്ടുണ്ട്. ഒരാളുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരില്‍ മലേഷ്യന്‍ കമ്പനി സ്കീം എന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വര്‍ഷം 250 ശതമാനംവരെ വര്‍ധിക്കുമെന്നാണ് വാഗ്ദാനം. 2018ല്‍ കമ്പനി തുടങ്ങിയപ്പോള്‍ ചേര്‍ന്നവര്‍ക്ക് ഈ തുക നല്‍കിയാണ് വിശ്വാസമാര്‍ജിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രിന്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന സ്ഥാപനം തുടങ്ങി. ചെര്‍ക്കളയിലും വടകര കരിമ്പനപ്പാലത്തും പ്രിന്‍സ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. പൊലീസ്സംഘത്തില് ഡിവൈഎസ്പിക്ക് പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ സി കെ ബാലകൃഷ്ണന് നായര്‍, കെ നാരായണന്, എം ജനാര്ദനന്, സിപിഒ ഓസ്റ്റിന്‍ തമ്പി എന്നിവരുമുണ്ടായി.