കോവിഡ്: പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവര്‍ക്ക്
ഏഴ് ദിവസം ക്വാറന്റൈന് നിര്‍ബന്ധം- ഡി എം ഒ
കാസർകോട്: കോവിഡ്19 അതിതീവ്ര വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട മുഴുവന്‍ പേരും ഏഴ് ദിവസം കര്‍ശനമായ ക്വാറന്റൈന് പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന് കെ.ആര് അറിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നതാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം. വീട്ടില്‍ ഒരാള്‍ പോസിറ്റീവ് ആയാല്‍ വീട്ടിലെ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട കൂടുതല്‍ ആളുകള്‍ പോസിറ്റീവ് ആകുന്നതാണ് നിലവില്‍ കണ്ടു വരുന്നത്. അതിനാല്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട മുഴുവന്‍ പേരും ക്വാറന്റൈന് പാലിക്കണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്ണെങ്കിലും എഴ് ദിവസം കൂടി (ആകെ 14 ദിവസം ) കര്‍ശനമായ ക്വാറന്റൈനില്‍ തുടരണം.
വാക്സിനെടുത്ത് കഴിഞ്ഞാലും മാസ്ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സമൂഹത്തിലെ എല്ലാവരും വാക്സിന് സ്വീകരിച്ച് സുരക്ഷിതരാകുന്നതുവരെ പ്രതിരോധത്തിനായുള്ള പ്രാഥമിക കാര്യങ്ങള്‍ എല്ലാവരും തുടരുകയും ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.
പോസിറ്റീവായവരുടെ വീടുകളിലേക്ക് ആവശ്യസാധനങ്ങള്‍ വാര്‍ഡ് തല ജാഗ്രതാ സമിതിയോ ആര്. ആര്. ടി. മുഖേനയോ എത്തിക്കുന്നത്തിനാവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഡി.എം.ഒ പറഞ്ഞു.