കൊവിഡ് ബാധിച്ച് ‘മരിച്ച’ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുൻപ് ഉണർന്ന് പൊട്ടിക്കരഞ്ഞു, ഞെട്ടിത്തരിച്ച് കുടുംബം
ബാരാമതി: കൊവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കൾ കരുതിയ വൃദ്ധ സംസ്കാരത്തിന് തൊട്ടുമുൻപ് ഞെട്ടിയുണർന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 76 വയസുകാരിയായ ശകുന്തള ഗെയ്ക്ക്വാദ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് പോസിറ്റീവായത്. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഇവരുടെ നില കഴിഞ്ഞദിവസം വഷളായി.ശകുന്തളയുടെ നില മോശമായത് കണ്ട് ബന്ധുക്കൾ ഒരു കാറിൽ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ വൃദ്ധ ബോധരഹിതയായി. ബന്ധുക്കൾ ഉണർത്താൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതോടെ ഇവർ മരിച്ചതായി കരുതിയ ബന്ധുക്കൾ സംസ്കാരത്തിന് വേണ്ട ഒരുക്കങ്ങൾ തുടങ്ങി. ശവമഞ്ചത്തിൽ കിടത്തി ശ്മശാനത്തിലേക്ക് പോകവെ പെട്ടെന്ന് ഉണർന്ന ശകുന്തള പൊട്ടിക്കരഞ്ഞു.അബദ്ധം മനസിലാക്കിയ ബന്ധുക്കൾ ഉടൻ ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോയി. ശകുന്തളയ്ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് ഇവരെ ചികിത്സിയ്ക്കുന്ന സിൽവർ ജൂബിലി ആശുപത്രി അധികൃതർ അറിയിച്ചു.