അദ്ദേഹം ആദരണീയനാണ്’; സവര്‍ക്കറെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക്
തിരുവനന്തപുരം: ഹിന്ദുത്വവാദി വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ച് അഞ്ചുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് മാഗസിന്. മാധ്യമപ്രവര്ത്തകന് നിരഞ്ജന് ടാക്ലെ എഴുതിയ ” എ ലാംപ്, ലയണൈസ്ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ദ വീക്ക് അറിയിച്ചത്.
സവര്‍ക്കറെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നുമാണ് ദ വീക്ക് പറഞ്ഞിരിക്കുന്നത്.
സത്യം മനപൂര്‍വ്വം മറച്ചുവെച്ച് സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകന് രഞ്ജിത്ത് സവര്‍ക്കര്‍ 2016ല്‍ വീക്ക്ലിക്കെതിരെ പരാതി നല്‍കിയിരുന്നു. നിയമപരമായി തന്നെ അവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് 2017ല്‍ സണ്‍ഡേ ഗാര്ഡിയന് എന്ന മാധ്യമത്തോട് രഞ്ജിത്ത് സവര്‍ക്കര്‍ പറയുകയും ചെയ്തിരുന്നു.
ടാക്ലെ തെറ്റായ വിവരങ്ങളാണ് ലേഖനത്തില്‍ നല്‍കിയതെന്നും ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ടാക്ലെ കുടുംബത്തിന്റെ അഭിപ്രായം ചോദിക്കണമെന്നുമാണ് രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞത്.
എന്നാല്‍ വിവിധ ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാണ് താന്‍ ലേഖനമെഴുതിയതെന്നാണ് ഇതിന് ടാക്ലെ മറുപടി പറഞ്ഞത്. തനിക്ക് ഇതിന്റെ പേരില്‍ നിയമപരമായി ഒരു നോട്ടീസും വന്നിട്ടില്ലെന്നും ടാക്ലെ പ്രതികരിച്ചിരുന്നു.
പരാതി നല്‍കിയെന്ന് പറഞ്ഞ് ഇത്രയും വര്‍ഷമായിട്ടും തനിക്ക് വക്കീല്‍ നോട്ടീസ് ഒന്നും തന്നെ വന്നിട്ടില്ലെന്നാണ് ടാക്ലെ പറഞ്ഞതെന്ന് ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഔദ്യോഗികമായി എനിക്ക് അയച്ച പരാതിക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും അറിയിപ്പ് നല്‍കാതെ ഇത്തരത്തില്‍ ആരോപണങ്ങള്‍ നടത്താന്‍ പാടില്ല,” ടാക്ലെ പറഞ്ഞു.
കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയെന്നാണ് വീക്കിന്റെ എഡിറ്റര്‍ വി. എസ് ജയശ്ചന്ദ്രന്‍ പറഞ്ഞത്.
‘ലേഖനമെഴുതിയ ആളും അന്ന് അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്കിയ എഡിറ്റര്‍ ടി. ആര് ഗോപാലകൃഷ്ണനും നിലവില്‍ വീക്കിന്റെ ജീവനക്കാരല്ല. ആ സ്ഥിതിക്ക് ഈ കേസ് പുറത്ത് നിന്ന് ഒത്ത് തീര്‍പ്പാക്കാനാണ് ഞങ്ങള്‍ മുന്‍ കൈ എടുത്തത്,’ വി.എസ് ജയശ്ചന്ദ്രന്‍ പറഞ്ഞതായി ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ വീക്കിന്റെ ലേഖകനായിരുന്നു നിരഞ്ജന് ടാക്ലെ. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ടാക്ലെ വീക്കില്‍ നിന്ന് രാജി വെക്കുന്നത്. എന്നാല്‍ അതിന് ശേഷം തനിക്ക് എവിടെയും ജോലി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ടാക്ലെ രംഗത്തെത്തിയിരുന്നു.