മഴ കനത്തതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു
തിരുവനന്തപുരം’:മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പല ചെറുകിട ഡാമുകളിലെയും ജലനിരപ്പ് സംഭരണശേഷിയുടെ 90 ശതമാനത്തോളമെത്തി. ഇടുക്കിയടക്കം വലിയ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ശേഷിയുടെ പകുതിപോലും എത്തിയിട്ടില്ല. വേനല്‍മഴ കാര്യമായി കിട്ടിയതിനാല്‍ പല ഡാമുകളിലും 30 ശതമാനത്തോളം വെള്ളമുണ്ട്. കാലവര്‍ഷം പകുതിയാകുമ്പോഴേക്കും വലിയ ഡാമുകള്‍ പരമാവധി സംഭരണശേഷിയിലെത്താന്‍ സാധ്യതയുണ്ടെന്നും സമയബന്ധിതമായി തുറന്നുവിട്ടില്ലെങ്കില്‍ 2018-ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കിയുടെ ജലസംഭരണിയുടെ ശേഷി 1459.49 ദശലക്ഷം ഘനമീറ്ററാണ് (എം.സി.എം). ഇപ്പോള്‍ 473.024 എം.സി.എം. വെള്ളമുണ്ട്. സംഭരണശേഷിയുടെ 32.41 ശതമാനമാണിത്. ഇപ്പോഴത്തെ മഴ തുടര്‍ന്നാല്‍ നാലുദിവസത്തിനുള്ളില്‍ ഇതു 40 ശതമാനം കവിയും. ശബരിഗിരി പദ്ധതിയുടെ പ്രധാന ഡാമായ കക്കിയില്‍ 42.84 ശതമാനം വെള്ളമുണ്ട്. 446.51 എം.സി.എം. സംഭരണശേഷിയുള്ള ഇവിടെ 191.270 എം.സി.എമ്മാണ് ഇപ്പോഴുള്ളത്. ശബരിഗിരി പദ്ധതിയുടെ മറ്റൊരു പ്രധാന അണക്കെട്ടായ പമ്പയില്‍ കാര്യമായി വെള്ളമില്ല.
1017.80 എം.സി.എം സംഭരണശേഷിയുള്ള ഇടമലയാര്‍ പദ്ധതിയില്‍ നിലവില്‍ അണക്കെട്ടില്‍ 299.880 എം.സി.എം. ജലം സംഭരിച്ചിട്ടുണ്ട്. ഡാമുകള്‍ സംഭരണശേഷിയുടെ 80 ശതമാനത്തില്‍ അധികമായാല്‍ തുറന്നുവിടുന്നതാകും ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് ഉചിതമായ മാര്‍ഗം.
പരമാവധി ജലം ശേഖരിക്കാനുള്ള നീക്കമാണ് 2018-ല്‍ മഹാപ്രളയത്തിന് കാരണമായതെന്നാണ് നിഗമനം.
ഇടുക്കിയില്‍ വെള്ളം കുറവ്
ചെറുതോണി: വേനല്‍മഴ അധികമായി ലഭിച്ചിട്ടും ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷത്തേതിലും വെള്ളം കുറവ്. ഇന്നലെ ഇടുക്കിയിലെ ജലനിരപ്പ് 2333.12 അടിയാണ്.
കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2345.36 അടി വെള്ളമുണ്ടായിരുന്നു. ഇന്നലെ ഇടുക്കിയില്‍ 28.2 മി.മീ. മഴപെയ്തു. 8.942 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.