ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ:ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന രാജ്യത്തിന് മുന്നറിയിപ്പ് നല്കി. നിരവധി സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളും, ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണ്, ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി. ആദ്യ വര്‍ഷത്തെ മഹാമാരിക്കാലത്തേക്കാള്‍ രൂക്ഷമായിരിക്കും രണ്ടാം വര്‍ഷം എന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഗോള കോവിഡ് കണക്കില്‍ നിലവില്‍ 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. നിരവധി സംസ്ഥാനങ്ങളില്‍ ആശങ്കാജനകമാംവിധം രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിനു രൂക്ഷമായ കാരണങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത രാഷ്ര്ട്രീയ കൂടിച്ചേരലുകളാണെന്നു കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,890 പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.62 ലക്ഷമായി.
കുട്ടികള്‍ക്ക് നല്‍കാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്സീന് ദരിദ്രരാജ്യങ്ങള്‍ക്ക് കൊടുക്കണമെന്നും സമ്പന്ന രാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നതു പോലെ വാക്സീന് അസമത്വം സംഭവിച്ചുവെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുപോലും നല്കാന് നിലവില്‍ വാക്സീന് ഇല്ലെന്നും ടെഡ്രോസ് അദാനോം ഗബ്രിയോസിസ് പറഞ്ഞു.
അതേസമയം ആഗോളതലത്തില്‍ ആശങ്ക നല്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ബി.1.617 വൈറസ് വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്നു ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ അതൃപ്തിയുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം പിന്നീട് 40ല്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരുന്നു. ആദ്യം ഇന്ത്യയില്‍ സ്ഥിരീകരിച്ചതു കൊണ്ട് ഇന്ത്യന്‍ വകഭേദം എന്ന നിലയില്‍ വ്യാഖ്യാനിച്ചതിനെതിരെയാണു കേന്ദ്രത്തിന്റെ വിശദീകരണം. വൈറസ് വകഭേദവുമായി ബന്ധപ്പെടുത്തി 32 പേജുള്ള റിപ്പോര്‍ട്ടാണു ലോകാരോഗ്യ സംഘടന തയാറാക്കിയത്. ഇതില്‍ ഒരിടത്തും ‘ഇന്ത്യന്‍’ എന്ന് വാക്കു പരാമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.