ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
ബോവിക്കാനം : മുളിയാര്‍ കെട്ടുംകല്ല് കോലാച്ചിയടുക്കത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു.
കോലാച്ചിയടുക്കത്തെ പരേതനായ പ്രശാന്തിന്റെ ഭാര്യ നിര്‍മലയുടെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു ഉപയോഗിക്കാതെയിരുന്ന ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ചത്.
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് സിലിന്‍ഡര്‍ സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിക്കാനിടയായ കാരണം വ്യക്തമല്ല. ഷെഡും ഇതിലുണ്ടായിരുന്ന വാഷിങ് മെഷിനും തയ്യല്‍ മെഷിനും മറ്റ് വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ തെങ്ങിനും തീപ്പിടിച്ചു.
നിര്‍മലയും 15 വയസ്സിന് താഴെ പ്രായമുള്ള മക്കളായ ആദിഥ്യനും അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്.
ശബ്ദം കേട്ടും തീ കണ്ടും പരിസരവാസികള്‍ ഓടിയെത്തി. കാസര്‍കോട്ടുനിന്ന് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
നിയുക്ത ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. നിര്‍മലയുടെ ഭര്‍ത്താവ് പ്രശാന്ത് അഞ്ചുമാസം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.