റഷ്യയുടെ സ്പുട്നിക് ലൈറ്റ് രാജ്യത്തെ ആദ്യ ഒറ്റ ഡോസ് വാക്സിനായേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് ലൈറ്റ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഒറ്റ ഡോസ് വാക്സിനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഡോ. റഡ്ഡീസ് ലബോറട്ടറി കേന്ദ്ര സര്‍ക്കാരുമായും റെഗുലേറ്ററുമായും ജൂണില്‍ ചര്‍ച്ച നടത്തുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രണ്ട് ഡോസ് സ്വീകരിക്കേണ്ട സ്പുട്നിക് ഢ വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വാക്സിന്റെ അഭാവം മൂലം പല സംസ്ഥാനങ്ങളിലും വാക്സിനേഷന് നിര്‍ത്തിവെയ്ക്കുകയോ വിതരണം മന്ദഗതിയിലാകുകയോ ചെയ്ത പശ്ചാത്തലത്തില്‍ ഒറ്റ ഡോസ് വാക്സിന് നിര്‍ണായകമായേക്കും. നേരത്തെ കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള വര്‍ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
ഇറക്കുമതി ചെയ്ത സ്പുട്നിക് ഢ വാക്സിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995.40 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറിസ് വ്യക്തമാക്കിയിരുന്നു. അഞ്ചു ശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും.
കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ മൂന്നാമത്തെ വാക്സിനാണ്. ഇന്ത്യയില്‍ വാക്സിന് ഉല്പാദിപ്പിക്കുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറീസാണ്. അടുത്ത ആഴ്ചമുതല്‍ വാക്സിന് വിപണിയില്‍ ലഭ്യമാകും.