കോവിഡ് ദുരിതാശ്വാസം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ഡല്‍ഹി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു;
ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളിയായി പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ശ്രീനിവാസ് ബി.വി (39)യെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് ആവശ്യം. കോവിഡ് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും അനധികൃതമായി വിതരണം ചെയ്തുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ എഎപി എം.എല്‍.എ ദിലീപ് പാണ്ഡെയേയും സമാനമായ ആരോപണത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, കോടതി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് പറയുന്നു. കോവിഡ് മരുന്നുകളുടെയും മറ്റും വിതരണത്തില്‍ രാഷ്ട്രീയക്കാര്‍ അനധികൃതമായി ഇടപെടുന്നുവെന്ന് കാണിച്ച് ഡോ.ദീപക് സിംഗ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുപ്രകാരമാണ് ഏതാനും പേരെ അന്വേഷണത്തിന് വിധേയമാക്കുന്നതെന്നും ഡല്‍ഹി പോലീസ് വക്താവ് ചിന്മോയ് ബിശ്വാള്‍ പറഞ്ഞു.
കോടതി നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. ദിലീപ് പാണ്ഡെ, ശ്രീനിവാസ് ബി.വി, ബി.ജെ.പി എം.പിമാരായ ഗൗതം ഗംഭീര്‍, സുജയ് വിഖെ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര, കോണ്‍ഗ്രസ് എം.എല്‍.എ മുകേഷ് ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് ഡോ. ദീപക് സിംഗിന്റെ പരാതി.
മെഡിക്കല്‍ മാഫിയ- പൊളിറ്റിക്കല്‍ കൂട്ടുകെട്ടിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച കോടതി ഹര്‍ജിക്കാരനോട് ഡല്‍ഹി പോലീസ് കമ്മീഷണറെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അതേസമയം, പോലീസ് നടപടിയില്‍ ആശങ്കയില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ശ്രീനിവാസ് പറഞ്ഞു. ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ എളിയ പ്രവൃത്തികൊണ്ട് ഒരു ജീവന് എങ്കിലും രക്ഷിക്കാനുള്ള ശ്രമമാണ്. ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയോ പൊതുതാല്പര്യ ഹര്‍ജികള്‍ കണ്ട് പേടിച്ചോടുകയോ ഇല്ലെന്നും ശ്രീനിവാസ് പറഞ്ഞു.