ഓക്സിജന്‍ ക്ഷാമം: നാല് ദിവസത്തിനിടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത് 74 കോവിഡ് രോഗികള്‍
ഗോവ: ഓക്സിജന്‍ ക്ഷാമത്തിന്റെ ദയനീയ ചിത്രമാണ് ഗോവയില്‍ നിന്ന് പുറത്തുവരുന്നത്. നാല് ദിവസത്തിനുള്ളില്‍ 74 കോവിഡ് രോഗികളാണ് ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കുമിടയില്‍ 13 രോഗികള്‍ മരിച്ചുവെന്ന് മുന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി വിജയ് സര്‍ദേശായി പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 15 പേരാണ് മരിച്ചത്. ബുധനാഴ്ച 20 പേരും ചൊവ്വാഴ്ച പുലര്‍ച്ചെ 26 പേരും ഓക്സിജന്‍ കിട്ടാതെ മരണമടഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. സംഭവത്തില്‍ നടപടി വേണമെന്നും അന്വേഷണ സമിതിയല്ല വേണ്ടതെന്നും വിജയ് സര്‍ദേശായ് ട്വീറ്റ്് ചെയ്തു.
എന്നാല്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും ‘മെഡിക്കല്‍ ഓക്സിജന്‍ എത്തുന്നതിലും അത് വിതരണം ചെയ്യുന്നതിലുമെടുക്കുന്ന ഇടവേളയാവാം ഈ മരണങ്ങള്‍ക്ക് കാരണമെന്നാണ് മുഖ്യമന്ത്രി പ്രമോദ് സ്വാവന്ത് പറയുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുകയാണ്. ഇക്കാര്യത്തില്‍ അന്വേഷണം കോടതി തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്ക് അഡ്മിഷന് കിട്ടുന്നില്ലെന്നും വീല്ചെയറിനു പോലും എട്ട് മണിക്കൂര്‍ കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും വെന്റിലേറ്റര്‍ കിട്ടാതെ വന്നതോടെ രോഗിയെ തറയില്‍ കിടത്തിയെന്നും ഒരു രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത് ഗോവയിലാണ് വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 48.1% ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 2491 രോഗികളും 62 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33,000 പേര് ചികിത്സയിലുണ്ട്.. 2000 പേര് ഇതിനകം മരണമടഞ്ഞു.