ഭാര്യ കൊവിഡ് ബാധിച്ച് ചികിത്സയിൽ; അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെയും കൂട്ടി അച്ഛൻ ആശുപത്രിയുടെ വരാന്തയിൽ, മഹാമാരിക്കാലത്തെ ദയനീയ കാഴ്ച
സെക്കന്തരാബാദ്: അഞ്ച് ദിവസം പ്രായമുളള തന്റെ മകളുമൊത്ത് 20 വയസുകാരൻ കൃഷ്ണ ആശുപത്രി വരാന്തയിൽ ഇരിക്കുകയാണ്. കുഞ്ഞിന്റെ അമ്മ ആശയെ കാത്താണ് കൃഷ്ണയുടെ ഈ ഇരുപ്പ്. പ്രസവത്തോടനുബന്ധിച്ച് കൊവിഡ് സ്ഥിരീകരിച്ചതാണ് കുഞ്ഞിന്റെ അമ്മ ആശയ്ക്ക്. കൊവിഡ് വാർഡിൽ നിന്നും രോഗമുക്തി നേടി ഭാര്യ വരുന്നതും കാത്ത് തന്റെ മകളുമൊത്ത് കൃഷ്ണ ദിവസവും ആശുപത്രിയിലെ വരാന്തയിൽ ക്ഷമയോടെ ഇരിക്കുന്നു.തെലങ്കാനയിലെ സെക്കന്തരാബാദിൽ ഗാന്ധി ആശുപത്രിയുടെ വരാന്തയിലാണ് കൃഷ്ണ കാത്തിരിക്കുന്നത്. കുറച്ച് നേരം കുഞ്ഞിനടുത്ത് ഇരുന്നശേഷം ആശയെ ചികിത്സിയ്ക്കുന്ന വാർഡിനടുത്ത് ചെന്ന് അവിടെയുളള കാവൽക്കാരോട് ആശയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കും. പിന്നെ തിരികെ വന്നിരിക്കും. ഇതാണ് കൃഷ്ണയുടെ പതിവ്. പകൽ കൃഷ്ണയുടെ അമ്മ അൽപനേരം സഹായത്തിനെത്തും.ജനിച്ചയുടനെ കുഞ്ഞിനെ കൃഷ്ണയെ ഏൽപ്പിച്ച ഡോക്ടർമാർ ഭാര്യയ്ക്ക് കൊവിഡ് ആണെന്നറിയിച്ചു. കുഞ്ഞിന് വിശക്കുമ്പോൾ പാൽപ്പൊടി ചൂടുവെളളത്തിൽ കലർത്തി നൽകാൻ മാത്രമേ കഴിയുന്നുളളു എന്ന വിഷമത്തിലാണ് കൃഷ്ണ. ഹൈദരാബാദിൽ നിന്ന് 115 കിലോമീറ്റർ അകലെ സഹീറാബാദിലാണ് കൃഷ്ണയുടെ വീട്. ഇത്ര ദൂരം പോകാൻ പണമില്ലാത്തതിനാൽ കൃഷ്ണ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ തന്നെ തുടർന്നു.കുഞ്ഞിനെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന് ഭയന്ന് അടുത്ത് നിന്നും മാറാതെ കാവലിരുന്നു. കൃഷ്ണയുടെ ദയനീയ സ്ഥിതി മനസിലാക്കിയ ചിലർ പിന്നീട് ഒരു വാഹനം ഏർപ്പെടുത്തി ഇവരെ നാട്ടിലേക്കയച്ചു.