72കാരന് ആദ്യം ലഭിച്ചത് കോവാക്സിന്, രണ്ടാമത് കോവിഷീല്‍ഡ്; പരിഭ്രാന്തിയില്‍ വീട്ടുകാര്‍
മഹാരാഷ്ട്ര:72കാരന് രണ്ടു തവണകളായി ലഭിച്ചത് വിവിധ വാക്സിനുകള്‍. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് വാക്സിന് മാറി നല്‍കിയത്. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിനായിരുന്നു ഇദ്ദേഹം ആദ്യം സ്വീകരിച്ചത്. മുംബൈയില്‍ നിന്നും 420 കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമപ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മാര്‍ച്ച് 22നായിരുന്നു കുത്തിവെപ്പെടുത്തത്.
രണ്ടാം ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന് അദ്ദേഹം സ്വീകരിച്ചത് മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ്. കുറച്ച് ദിവസം മുമ്പാണ് രണ്ടു തരം വാക്സിനുകളാണ് സ്വീകരിച്ചതെന്ന് ദത്താത്രേയയും വീട്ടകാരും അറിയുന്നത്.വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച മകനാണ് പിതാവിന് രണ്ടു തവണകളായി ലഭിച്ചത് രണ്ടുതരം വാക്സിനുകളാണെന്ന് മനസ്സിലായത്. ആദ്യം ലഭിച്ച പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റില്‍ കോവാക്സിന് എന്നും ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അക്ഷരാഭ്യാസമില്ലാത്തയാളാണ് ദത്തത്രേയ വാഗ്മറെ. തനിക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്ന് മകന് ദിഗംബര്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ വാക്സിനുകള്‍ കൃത്യമായി നല്‍കുക എന്നത് അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു എന്നും ദിഗംബര്‍ പറഞ്ഞു. രണ്ടാം ഡോസ് വാക്സിന് എടുത്തതുമുതല്‍ ദത്താത്രേയയ്ക്ക് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു, പനിക്ക് പുറമെ അദ്ദേഹത്തിന്റെ മേലാസകലം തടിച്ചുപൊന്തിയായതായി കാണുന്നുണ്ടെന്നും വീട്ടുകാര്‍ ആശങ്കപ്പെടുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കുടംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. വാക്സിന് മാറി നല്കിയതെങ്ങനെ എന്ന വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.