50 തൊഴിലാളികള്‍ക്ക് കൊറോണ ബാധിച്ചു എന്നിട്ടും നിങ്ങള്‍ക്കായി കഷ്ടപ്പെടുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭാരത് ബയോടെക്
ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുചിത്ര എല്ലയുടെ വെളിപ്പെടുത്തല്‍.
വിവിധ സംസ്ഥാനങ്ങളില്‍ കൊവാക്സിന് വിതരണം ചെയ്യാന്‍ താമസം നേരിടുന്നു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്സിന് വിതരണത്തില്‍ പലയിടത്തായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ ആരോപണങ്ങള്‍ തങ്ങളെ വേദനിപ്പിച്ചു എന്നാണ് സുചിത്ര പറയുന്നത്. 50 ജീവനക്കാര്‍ കൊറോണ ബാധിതരായി അവധിയിലാണ്. എന്നിട്ടും സദാസമയവും ഞങ്ങള്‍ നിങ്ങള്‍ക്കായി ജോലി ചെയ്യുകയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ചിലര്‍ കമ്പനിയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുമ്പോള്‍ മറ്റുചിലര്‍ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. ഇവര്‍ക്ക് വാക്സിന് നല്കിയിരുന്നില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.