സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന് (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് തുടക്കം. തുടര്‍ന്ന് ദൂരദര്ശന് കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ബി.വി. റാവു, വേലപ്പന് ആശാന് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചു.
മലയാളത്തില്‍ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി നൂറ്റമ്പത്തിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചട്ടുണ്ട്.
2002-ല്‍ കുബേരന് എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടി. ഇതിന് പുറമെ ഫിലിം ക്രിട്ടിക്സ് അവര്‍ഡ്, നിരവധി ചാനല്‍ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി ഫ്ലവേഴ്സ് ചാനലില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.