സെൻട്രൽ വിസ്ത അല്ല വാക്സിനാണ് ആവശ്യം’; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി : സെൻട്രൽ വിസ്ത പദ്ധതി നിർത്തി വെക്കണമെന്നാവശ്യപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 12 പ്രതിപക്ഷ കക്ഷി നേതാക്കളുടെ കത്ത്. 20000 കോടിയോളം രൂപ ചിലവിൽ നടത്തുന്ന ഈ പദ്ധതി ഈസമയത് പണിയുന്നതിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്.
രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്ര സെക്രട്ടേറിയറ്റും നിർമിക്കുന്നതാണ് പദ്ധതി. എന്നാൽ, ഈ സമയത്ത് വാക്സിൻ സംഭരിക്കുകയാണ് വേണ്ടതെന്നും ഇവർ ആവശ്യപെടുന്നു.
പിഎം കെയേഴ്സ് ഫണ്ടിലെ തുക ഉപയോഗിച്ച് വാക്സീൻ, ഓക്സിജൻ, മരുന്ന് എന്നിവ സംഭരിക്കുക. ബജറ്റിൽ വകയിരുത്തിയ 35,000 കോടി രൂപ വാക്സീൻ ഉൽപാദനം, സംഭരണം എന്നിവയ്ക്കായി വിനിയോഗിക്കുക. വിദേശത്തു നിന്നുൾപ്പെടെ വാക്സീൻ സംഭരിക്കുക. തുടങ്ങിയ കാര്യങ്ങളും കത്തിൽ ആവശ്യപെടുന്നു.
സോണിയ ഗാന്ധി (കോൺഗ്രസ്), മമത ബാനർജി (തൃണമൂൽ), സീതാറാം യച്ചൂരി (സിപിഎം), ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), ഉദ്ധവ് താക്കറെ (ശിവസേന), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഡി. രാജ (സിപിഐ), ഹേമന്ത് സോറൻ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അഖിലേഷ് യാദവ് (എസ്പി), തേജസ്വി യാദവ് (ആർജെഡി) എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തയിച്ചിരിക്കുന്നത്.