കാസർകോടിന് പ്രാണവായു: കളത്തിലിറങ്ങി ജില്ലാ കളക്ടർ, 290 ഓക്സിജൻ സിലിണ്ടറുകളെത്തി
കാസർകോട് : രണ്ടുദിവസമായി പ്രാണവായുവിനായുള്ള ജില്ലയുടെ ഓട്ടത്തിന് താത്കാലിക ആശ്വാസമായി 290 ഓക്സിജന്‍ സിലിന്ഡറുകളെത്തി. ഇതില്‍ 81 എണ്ണം ചെറിയ സിലിന്ഡറുകളാണെന്ന് ജില്ലാ ഭരണകേന്ദ്രം അറിയിച്ചു.കോഴിക്കോട്നിന്ന് 93 എണ്ണവും മലപ്പുറത്തുനിന്ന് 94 എണ്ണവും കണ്ണൂർ ധര്‍മശാലയില്‍നിന്ന് 22 എണ്ണവുമാണ് വലിയ സിലിന്‍ഡറുകള്‍ എത്തിയത്. ഇതില്‍ 34 എണ്ണം ജില്ലയിലെ സ്വകാര്യ ആസ്പത്രികളിലെത്തിച്ചു. പ്രതിദിനം 180 സിലിന്‍ഡറുകളാണ് സര്‍ക്കാര്‍ ആസ്പത്രികളില്‍ വേണ്ടത്.
സിലിന്‍ഡറുകള്‍ എല്ലാ ദിവസവും എത്തുന്നുണ്ട്. എന്നാല്‍ ഓരോ ലോഡിലും ആവശ്യത്തിനുള്ളത് വരുന്നില്ല. ഇത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഇന്നലെ കിട്ടിയതു പോലെ എല്ലാദിവസവും മുടക്കമില്ലാതെ കിട്ടിയാല്‍ ആശങ്ക ഒഴിവാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു.
അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കളക്ടറുടെയും ഓക്സിജന്‍ ചലഞ്ചില്‍ 38 സിലിന്‍ഡറുകള്‍ കിട്ടി. കൂടുതല്‍ സിലിന്‍ഡറുകള്‍ വരുംദിവസങ്ങളില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു.
അതേസമയം മെഡിക്കല്‍ ഓക്സിജന്‍ സിലിന്‍ഡറുകള്‍ അടിയന്തരമായി വാങ്ങാന്‍ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
പ്രതിദിനം 300 സിലിന്‍ഡര്‍ മെഡിക്കല്‍ ഓക്സിജന്‍ കണ്ണൂര്‍ ധര്‍മശാലയിലെ ബാല്‍ക്കോ ഫില്ലിങ് സ്റ്റേഷനില്‍ നിന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. വിവിധ ആസ്പത്രികളില്‍ നിലവിലുള്ള 370 ഓക്സിജന്‍ സിലിന്‍ഡറുകള്‍ ഉപയോഗിച്ചുവരുമ്പോള്‍ തന്നെ അധികമായി അത്രയും സിലിന്‍ഡറുകള്‍ റീഫില്‍ ചെയ്ത് സൂക്ഷിച്ചുവെക്കേണ്ടതുമുണ്ട്.
ഈ കണക്കനുസരിച്ചാണ് 370 സിലിന്‍ഡറുകള്‍ അധികമായി വാങ്ങുന്നത്.
വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ ഓക്സിജന്‍ അളവ് നിരന്തരമായി പരിശോധിക്കുന്നതിന് അടിയന്തിരമായി 2,000 പള്‍സ് ഓക്സിമീറ്റര്‍ വാങ്ങും. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും.
അതിനിടെ ഓക്സിജന്‍ സിലിന്‍ഡര്‍ നല്കാന് നിര്‍വാഹമില്ലെന്ന് അറിയിച്ച് ദക്ഷിണ കാനറ ജില്ലാ ഭരണകൂടം കാസര്‍കോട് കളക്ടര്‍ക്ക് കത്തയച്ചു. ഓരോ ദിവസവും ഓക്സിജന്‍ ആവശ്യം കൂടിവരികയാണ്. ദക്ഷിണ കാനറ ജില്ലയില്‍ പ്രതിദിനം 30 ടണ്‍ ഓക്സിജന്‍ ആവശ്യമായി വരുന്നു. ഇപ്പോള്‍ പാലക്കാട്ടുനിന്നുള്ള പ്രാണവായുവരവ് നിലയ്ക്കുകയും ചെയ്തു. അതിനാലാണ് ഇവിടെനിന്ന് കാസര്‍കോട് ജില്ലയിലേക്ക് സിലിന്‍ഡര്‍ വിതരണം നിര്‍ത്തിയത്. എത്രയോ മലയാളികള്‍ ദക്ഷിണ കാനറ ജില്ലയിലെ ആസ്പത്രികളില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന ഓര്‍മപ്പെടുത്തലുമുണ്ട് ദക്ഷിണ കാനറ ഡെപ്യൂട്ടി കമ്മിഷണര്‍ അയച്ച കത്തില്‍. കാസര്‍കോട് ജില്ലയിലെ സ്വകാര്യ ആസ്പത്രികള്‍ മംഗളൂരുവിലെ ഏജന്‍സിയില്‍നിന്ന് കരിഞ്ചന്തയില്‍ സിലിന്‍ഡറുകള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് കളക്ടര്‍ അത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മംഗളൂരുവിലെ ഏജന്‍സി ഈ ജില്ലയിലേക്കുള്ള സിലിന്‍ഡര്‍ വിതരണം നിര്‍ത്തിയതിനെതിരെ ഇവിടത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രംഗത്തുവന്നപ്പോള്‍ കാസര്‍കോട് കളക്ടര്‍ കത്തയക്കട്ടെ എന്നായിരുന്നു ദക്ഷിണ കാനറ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്. അടുത്തദിവസം തന്നെ കളക്ടര്‍ ഡോ. ഡി.സജിത്ബാബു കത്തയച്ചു. അതിനുള്ള മറുപടിയായാണ് ദക്ഷിണ കാനറ ജില്ലാഭരണകൂടത്തിന്റെ ഈ കത്ത്.