രണ്ടാം പിണറായി മന്ത്രിസഭ, ഗണേഷിനെയും ആന്റണി രാജുവിനെയും മന്ത്രിമാരാക്കാന്‍ സാധ്യതയേറി
തിരുവനന്തപുരം: ഘടകകക്ഷികളുമായി ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കിയ സി.പി.എം. തീരുമാനത്തിലേക്കു നീങ്ങുന്നു. 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. മുന്നണിയില്‍ ഉള്‍പ്പെട്ടതും സഹകരിക്കുന്നതുമായ ആറു കക്ഷികള്‍ക്ക് ഒറ്റ എം.എല്‍.എ.മാര്‍ മാത്രമുള്ളതിനാല്‍ ആദ്യപടിയായി കേരള കോണ്‍ഗ്രസ് ബി-യില്നിന്ന് കെ.ബി. ഗണേഷ്കുമാറിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്.
എന്നാല്‍, ഇതിനൊരു പൊതുനയം രൂപപ്പെടുത്തിയേക്കും. മറ്റു ഘടകകക്ഷികള്‍ക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സി.പി.എം. നേതൃത്വം സി.പി.ഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു.
സി.പി.എം.-12, സി.പി.ഐ.- 4, കേരള കോണ്‍ഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എന്‍.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.
സ്പീക്കര്‍ സി.പി.എം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നല്‍കിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനായിരിക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എല്‍.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചിരിക്കുന്നത്.
എന്‍.എസ്.എസും എല്‍.ഡി.എഫും തമ്മില്‍ അകന്നുനില്‍ക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛന് ആര്. ബാലകൃഷ്ണപിള്ളയുടെ പാതയില്‍ ഗണേഷ് കുമാറും എന്‍.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എന്‍.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തല്‍.
ആഴക്കടല്‍ മീന്‍പിടിത്ത കരാര്‍ പ്രതിപക്ഷം വലിയ ആരോപണമായി ഉയര്‍ത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണമാകുന്നു. ഇതുവഴി ലത്തീന്‍ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനില്‍ പന്തലിടാന്‍ തുടങ്ങി.