ഒരു സിലിണ്ടറില്‍ നിന്ന് ഒരേസമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്സിജന്‍; നൂതന സാങ്കേതിക വിദ്യയുമായി പോപ്പുലര്‍ ഫ്രണ്ട്
ജയ്പൂര്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കവെ അടിക്കടിയുണ്ടാവുന്ന ഓക്സിജന്‍ ക്ഷാമത്തിന് കൈത്താങ്ങായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. പോപുലര്‍ ഫ്രണ്ട് രാജസ്ഥാന് സംസ്ഥാന സെക്രട്ടറി താജ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു സിലിണ്ടറില്‍നിന്ന് ഒരേസമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്സിജന്‍ നല്കാന് കഴിയുന്ന സാങ്കേതിക വിദ്യ സൃഷ്ടിച്ചത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത റെഗുലേറ്റര്‍ വഴിയാണ് ഒരേസമയം രണ്ട് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുക. രണ്ട് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നത് ക്രമീകരിക്കുന്നതിനായി റെഗുലേറ്ററില്‍ പ്രത്യേക സ്പീഡ് കണ്ട്രോളറും ഘടിപ്പിച്ചിട്ടുണ്ട്. ഷാപുരയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അശോക് കുമാര്‍ ജെയ്ന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പോപുലര്‍ ഫ്രണ്ട് വികസിപ്പിച്ചെടുത്ത പുതിയ ഓക്സിജന്‍ റെഗുലേറ്റര്‍ സാങ്കേതിക വിദ്യ പരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കിയത്. പുതിയ സംവിധാനം തികച്ചും സുരക്ഷിതമാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ഭില്‍വാര ജില്ലയിലെ പല ആശുപത്രികളിലും ഈ ഓക്സിജന്‍ റെഗുലേറ്ററാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. വിവിധ മെഡിക്കല്‍ അധികാരികള്‍ പുതിയ സാങ്കേതിക ഉപയോഗിച്ചശേഷം ഇത് വികസിപ്പിച്ചെടുത്ത പോപുലര്‍ ഫ്രണ്ട് സംഘത്തിന് അഭിനന്ദനവുമായി രംഗത്തു വരികയും ചെയ്തു.