അറബിക്കടലില്‍ ന്യൂനമര്‍ദം : ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൊച്ചി:തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യത.
മെയ് 12ന് ഇടുക്കി, 13 ന് തിരുവനന്തപുരം, 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, 15ന് കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍ എന്നീ ജീല്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.മല്‍സ്യതൊഴിലാളികള്‍ മെയ് 14 മുതല്‍ കടലില്‍ പോകരുത്. ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് മെയ് 14 മുന്നോടിയായി തീരത്തെത്തിചേരണം.
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്.