ന്യൂഡല്‍ഹി: കുറ്റവാളികളെ പിടികൂടാനും കാണാതായ കുട്ടികളെ കണ്ടെത്താനും രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളില്‍ ഒന്നായിരിക്കാം ഇത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച കരാര്‍ വിളിക്കും.
ജൂലൈയില്‍ ഏതാനും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍, പരീക്ഷാടിസ്ഥാനത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ആരംഭിച്ചിട്ടുണ്ട്. ഈ രീതി പിന്തുടരുന്നതു കൊണ്ട് കാണാതായ മൂവായിരത്തോളം കുട്ടികളെ വെറും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
പൊലീസ് സേനയെ നവീകരിക്കുക, കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക, ക്രിമിനലുകളെ തിരിച്ചറിയുക എന്നിവയ്ക്കുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ഇന്ത്യയുടെ ദേശീയ ക്രൈം ബ്യൂറോ അഭിപ്രായപ്പെടുന്നു.
എന്നാല്‍, ഫേസ് റെക്കഗ്നീഷനു വേണ്ടിയുള്ള ക്യാമറ എവിടെ വിന്യസിക്കും, എന്ത് ഡാറ്റ ഉപയോഗിക്കും, ഡാറ്റകള്‍ എങ്ങനെ സംഭരിക്കും എങ്ങനെ നിയന്ത്രിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അപര് ഗുപ്ത പറഞ്ഞു.