കോവാക്സിൻ നേരിട്ട് വിതരണം ചെയ്യുന്നത് 18 സംസ്ഥാനങ്ങൾക്ക്; മുൻഗണനാ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല
ന്യൂദൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ 18 സംസ്ഥാനങ്ങൾ ഇടം പിടിച്ചെങ്കിലും കേരളം പുറത്തായി. കേന്ദ്രനയം അനുസരിച്ചാണ് വാക്സീൻ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.
ഉത്തർ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഒഡിഷ, അസം, ജമ്മു കശ്മീർ,തമിൽ നാട്, ബിഹാർ, ജാർഖണ്ഡ്, തൃപുര, ചത്തീസ്ഗഡ്, കർണാടക, തെലങ്കാന, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്ന് ജോയിൻറ് മാനേജിങ്ങ് ഡയറക്ടർ സുചിത്ര എല്ലാ അറിയിച്ചു.
ഞങ്ങളുടെ സ്ഥാപനത്തിലെ 50 ഓളം ജീവനക്കാർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ പ്രതിസന്ധിയിലും വാക്സിൻ നിർമാണം പുരോഗമിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു.
ഇന്ത്യയുടെ കോവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. കോവാക്സിൻ കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കോവിഷീൽഡ് ഈ ഘട്ടത്തിൽ എത്തിയിട്ടില്ല.