ഓക്സിജന്‍ ക്ഷാമം: എം രാജഗോപാലന്‍ എം എല്‍ എ,മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും നിവേദനം നല്കി
കാസര്‍കോട്:കാസർഗോഡ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, ആരോഗ്യവകുപ്പ് മന്ത്രിക്കും എം എൽ എ എം രാജഗോപാലൻ അടിയന്തര നിവേദനം നൽകി…
ജില്ലയിലേക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കിയിരുന്നത് കർണാടക സംസ്ഥാനത്തിൽ നിന്നുമാണ്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് മംഗലാപുരത്തുനിന്ന് ഓക്സിജൻ ലഭ്യമാക്കുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾ പ്രതിസന്ധിയിൽ ആവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വേദനം നൽകിയിട്ടുള്ളത്.
370 ഓളം സിലിണ്ടർ ഓക്സിജൻ സർക്കാർ മേഖലയിൽ മാത്രം ആവശ്യമുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ദൈനംദിന ചികിത്സക്ക് 120 ലധികം ഓക്സിജൻ സിലിണ്ടറും ആവശ്യമുണ്ട്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ നിന്നുമാണ് സിലിണ്ടർ എത്തിക്കുന്നത്. പ്രതിദിനം 500 സിലിണ്ടറുകളെങ്കിലും ജില്ലയ്ക്ക് അനുവദിക്കാനും ബഫർ സ്റ്റോക്ക് ആയി 1000 സിലിണ്ടറുകൾ എങ്കിലും അലോട്ട് ചെയ്യുവാനും വേണ്ട അടിയന്തരവും സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യവകുപ്പ് മന്ത്രിയോടും നിവേദനത്തിൽ കൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിഷയം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്..