കാസര്‍കോട് ഭെല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു, ഇനി നവീകരണത്തിന്റെ നാളുകൾ
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവച്ച പൊതുമേഖലാ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇഎംഎല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്) സംസ്ഥാന സര്‍ക്കാരിന്. ഭെല്‍ -ഇഎംഎല്‍ സംയുക്ത സംരംഭത്തില്‍ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചതായി ഭെല്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഭെല്‍ കത്ത് കൈമാറി. കേരളത്തിന്റെ ആവശ്യം കേന്ദ്ര ഖനവ്യവസായ മന്ത്രാലയം അംഗീകരിച്ചതായും സംസ്ഥാന സര്‍ക്കാരും ഭെല്ലുമായി ഉണ്ടാക്കിയ വില്‍പ്പന കരാര്‍ അംഗീകരിച്ചതായും കത്തില്‍ വ്യക്തമാക്കി.
2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ ഭെല്‍ ഇഎംഎല്‍ ഏറ്റെടുക്കാന്‍ 2017 ല്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച് ഭെല്ലുമായി ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ തടസ്സമില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെങ്കിലും കൈമാറ്റ രേഖ നല്കാന് തയ്യാറായില്ല. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ഇടപെടുകയും നിരവധി തവണ കേന്ദ്രമന്ത്രിയെ കാണുകയും ചെയ്തിരുന്നു.
ഭെല്ലും കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായി ഭെല്‍-ഇഎംഎല്‍ 2010 ല്‍ ആണ് രൂപീകൃതമായത്. ഭെല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും ഓഹരിയാണുള്ളത്. സംയുക്ത സംരംഭത്തില്‍നിന്ന് ഭെല്‍ ഒഴിവാകാനും ഓഹരികള്‍ വില്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികള്‍ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്കു വച്ച മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കോട്ടയം എച്ച്എന്‍എല്ലും സംസ്ഥാനം ഏറ്റെടുത്തിരുന്നുകേന്ദ്രത്തിന്റെ കാസര്‍കോട് ഭെല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു