ചെറിയ പെരുന്നാള്‍ നാളെ, ലോക്ക് ഡൗണില്‍ ഇളവ് നല്കി സര്‍ക്കാര്‍
കോഴിക്കോട്: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ വ്യാഴാഴ്ച നടക്കുക.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ചെറിയ ഇളവ് നല്കി സംസ്ഥാന സര്‍ക്കാര്‍. മാംസവില്പന ശാലകള്‍ക്ക് മാത്രം ഇന്ന് രാത്രി 10 മണി വരെ തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പെരുന്നാള്‍ നമസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടാകില്ല. വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന് മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ ദിനം നമസ്കാരത്തിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കണമെന്നാണ് പ്രമാണം.
അയല്‍വീടുകളില്‍ ഇത് നേരിട്ട് എത്തിക്കാതെ ഏകീകൃത സ്വഭാവത്തിലാക്കണമെന്നാണ് ഖാസിമാരുടെ ആഹ്വാനം.
വീടുകളിലെ സന്ദര്‍ശനവും പെരുന്നാള്‍ ആഘോഷങ്ങളില്‍ പ്രധാനമാണ്. പക്ഷേ, ലോക്ഡൗണ്‍ കാലമായതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഖാസിമാര്‍ നിർദ്ദേശം നല്‍കുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം മനസ്സും ശരീരവും ശുദ്ധി ചെയ്താണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് പണ്ഡിതരുടെ ആഹ്വാനം.