കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി:ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമായ ബി -1617 ആഗോളതലത്തില്‍ തന്നെ ആശങ്ക ഉണ്ടാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ).
അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ കൊവിഡ് ടെക്നിക്കല്‍ മേധാവി ഡോ.മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. ഇത് അതിവേഗം പടരുന്നതിനാല്‍ ആശങ്ക സൃഷ്ടിക്കുന്നു. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു.
ആഗോള തലത്തില്‍ തന്നെ ആശങ്ക ഉണ്ടാക്കുന്ന വകഭേദമായിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നതെന്നും ഡോ. മരിയ പറഞ്ഞു. ഡബ്ല്യൂഎച്ച്ഒയുടെ പകര്‍ച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
‘കൊറോണ വൈറസിന്റെ ഈ വകഭേദത്തെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. ഇന്ത്യയിലും മറ്റിടങ്ങളിലും ഈ വൈറസ് എത്രത്തോളം പകരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിയാം…” – ഡോ. മരിയ പറഞ്ഞു.
രോഗം വരാതിരിക്കാന്‍ നിങ്ങള്‍ എല്ലാ പ്രതിരോധമാര്‍ഗങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം, മാസ്ക്ക് ധരിക്കുക, തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.