വനിതാ പൊലീസുകാരും നഴ്സുമാരും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിന് നന്ദി പറയേണ്ടത് ഗൗരിയമ്മയോടാണ്
തിരുവനന്തപുരം: വനിതാ പൊലീസുകാരും നഴ്സുമാരും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിന് നന്ദി പറയേണ്ട ഒരാളുണ്ട്. കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായിരുന്ന കെ.ആര്. ഗൗരി അമ്മ. വിവാഹം വിലക്കിയിരുന്ന വ്യവസ്ഥ മാറ്റിയത് ഗൗരി അമ്മ മന്ത്രിയായിരുന്നപ്പോഴാണ്. സ്കൂളുകളില്‍ പ്രധാന അദ്ധ്യാപക തസ്തികയില്‍ സ്ത്രീകളെ പരിഗണിക്കാതിരുന്ന വിവേചനത്തിന് അറുതി വരുത്തിയതും ഗൗരി അമ്മയാണ്. വനിതാക്ഷേമം ഉറപ്പാക്കിയ വിപ്ളവകരമായ നടപടികള്‍ക്ക് സ്ത്രീ സമൂഹം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു.ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു വനിതാ നേതാവിനും എത്താനാവാത്ത അപൂര്‍വ റെക്കാഡുകളുടെ ഉടമയാണ് ഗൗരി അമ്മ. ഏറ്രവും കൂടുതല്‍ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന വനിത, ഏറ്റവും പ്രായം കൂടിയ വനിതാ മന്ത്രി…
ഭൂപരിഷ്കരണം, അഴിമതി നിരോധനം,? വനിതാബില്‍ തുടങ്ങി അഭിമാനകരമായ നിരവധി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചത് ഗൗരി അമ്മ മുന്‍കൈയെടുത്താണ്. ത്യാഗവും അര്‍പ്പണവുമാണ് അവരെ നയിച്ചത്. മറ്റുള്ളവരുടെ വിഷമങ്ങള്‍ ആര്ദ്രമനസോടെ കാണുമ്പോഴും പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും വെട്ടിത്തുറന്നു പറഞ്ഞു. താന്‍ ചോരയും നീരും നല്കിയ പാര്‍ട്ടി തള്ളിപ്പറഞ്ഞപ്പോഴും ജെ.എസ്.എസ് എന്ന ബദല്‍ പ്രസ്ഥാനമുണ്ടാക്കി പാറ പോലെ നിന്ന് പൊരുതി. അതാണ് ഗൗരിയമ്മയുടെ നിശ്ചയദാര്‍ഢ്യം.