വിവാഹത്തിന് ഇരുപത്തിയൊന്നാൾ എത്തിയാൽ പോലും കേസ്; വരനും വധുവുമുൾപ്പടെ കേസിൽ പ്രതികളാവും, നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസ്. വിവാഹ, മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.മേയ് 8, 9 തീയതികളിൽ നടന്ന വിവാഹ ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരിൽ പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം നാല് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. വിവാഹ ചടങ്ങിൽ ഇരുപത്തിയൊന്നാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസെടുക്കണമെന്നാണ് പൊലീസിന് കിട്ടിയ നിർദേശം.വരൻ, വധു, മാതാപിതാക്കൾ ഉൾപ്പടെ ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരെയും കേസുണ്ടാകും.ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും. 5000 രൂപ പിഴയും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.വിവാഹത്തിന് അനുമതി തേടി ജാഗ്രത പോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.